, News Bit: Election 2016
Results for "Election 2016"
"ഇത്രയും വലിയ ഭൂരിപക്ഷം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല" സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മനസ് തുറക്കുന്നു
പൊന്നാനി വലിയ പള്ളിയിലെ ആണ്ട് നേർച്ചക്കെത്തിയ സ്പീക്കർ ഉസ്താദിന്റെ കൈയിൽ നിന്നും നൈയ്ച്ചോർ തിന്നുന്നു
റിപ്പോർട്ട്‌ : ഫക്രുദീൻ പന്താവൂർ 

വൻ ഭൂരിപക്ഷത്തിൽ ജയിച്ച ശേഷം സ്പീക്കർ കൂടിയായ പി ശ്രീരാമകൃഷ്ണൻ മനസ് തുറക്കുന്നു .

" ഇത്രയും വലിയ ഭൂരിപക്ഷം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല .പല പ്രതികൂല ഘടകങ്ങളും ഉണ്ടായിരുന്നു .നേരത്തേ തന്നെ പിന്തുണച്ചിരുന്നവർ ഒറ്റക്ക് മൽസരിച്ചു .എന്നിട്ടും ഭൂരിപക്ഷം കൂടിയത് മതേതരവോട്ടുകൾകൊണ്ടാണ്. വോട്ടെണ്ണലിന്റെ തലേദിവസം വരെ ഞാൻ ഈ ഭൂരിപക്ഷം പ്രതിക്ഷിച്ചില്ല .പക്ഷെ അന്ന് എന്റെ മനസ് പറഞ്ഞു വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് .അതൊരു ശക്തിയാണ് . ആ വിശ്വാസം ശരിയായി .

പുതിയ വോട്ടർമാരാണ് എന്റെ ഭൂരിപക്ഷത്തിന് പിന്നിൽ .എതിരാളികൾ എന്നെ പൊന്നാനിക്ക് അന്യനായി കണ്ടു .പക്ഷെ ജനം അത് സ്വീകരിച്ചില്ല .സ്പീക്കർ ആയാലും പൊന്നാനിയിലെ എത് കാര്യത്തിനും മുൻപത്തേത് പോലെ ഞാനുണ്ടാകും . പൊന്നാനിയുമായുള്ള എന്റെ പൊക്കിൾ കൊടി ബന്ധം മുറിച്ചുമാറ്റാനാവില്ല.
ഈ നാടിന്റെ അടിസ്ഥാന വികസനങ്ങളാണ് എന്റെ ലക്ഷ്യം. " പി ശ്രീരാമകൃഷ്ണന്റെ വാക്കുകൾ .

Admin Thursday, 26 May 2016
ഇനി 6 ദിവസം .. ഇത്തവണ പൊന്നാനി ആരുടെ ഒപ്പം നിൽക്കും ?
റിപ്പോർട്ട്‌ : ഫക്രുദീൻ പന്താവൂർ 
സാധ്യതകളും നിരീക്ഷണങ്ങളും എല്ലാം ഇടത് സ്ഥാനാർത്ഥിക്ക് അനുകൂലമാണ് ..
അടിയൊഴുക്കുകളും അട്ടിമറികളും സാധ്യമായാൽ യു ഡി എഫ് വന്നേക്കും .
എന്നാലും രാഷ്ട്രീയ ചിത്രം ഒട്ടും വ്യക്തമല്ല. അതിനു കാരണം രണ്ട് മുന്നണിയുടേയും ഇവന്റ് മാനേജുമെന്റ് കമ്പനിക്കാർ ഉണ്ടാക്കുന്ന ഓളങ്ങളാണ്. രാഷ്ടീയമൊന്നും ചർച്ച ചെയ്യപ്പെടുന്നില്ല. സെലിബ്രിറ്റി പരിവേഷങ്ങളും, കൾട്ടുകളും, വൈകാരികതയും മാത്രമുള്ള ആഘോഷമായി പ്രചരണം മാറി. ഇവന്റ് മാനേജുമെന്റ് കമ്പനികൾക്ക് അതല്ലെ അറിയു. സ്വർണ്ണത്തിനും തുണിക്കും പരസ്യം ചെയ്തുള്ള പണിയല്ലേ അവർ ചെയ്തിട്ടുള്ളു. യഥാർത്ഥ രാഷ്ട്രീയ കടൽ അതിനടിയിലാണ്.
രണ്ട് മുന്നണികളും അത് കാണാൻ ധൈര്യപ്പെടുന്നില്ല. യാഥാർത്ഥ്യങ്ങൾക്ക് പുറം തിരിഞ്ഞ് ഇവന്റ് മാനേജരന്മാർക്കു വിധേയരായിരിക്കുകയാണ് പാർടികൾ. വളരെ അപകടരമായ ഒരു സ്ഥിതിവിശേഷം.

Admin Monday, 9 May 2016
പൊന്നാനിയിൽ എൽ ഡി എഫിന് സാധ്യതയെന്ന് ഇൻറലിജൻസ് റിപ്പോർട്ട്


റിപ്പോർട്ട്‌ : ഫക്രുദീൻ പന്താവൂർ 

ശക്തമായ മൽസരം നടക്കുന്ന പൊന്നാനി മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് നേരിയ വിജയ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് .

നിലവിലെ പ്രചരണ പ്രവർത്തനങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചാണ് ഇടത് സ്ഥാനാർത്ഥിക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത് .എന്നാൽ യു ഡി എഫ് പ്രചരണങ്ങളും തന്ത്രങ്ങളും ശക്തമാണെന്നും ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ പറയുന്നു .

കഴിഞ്ഞ തവണത്തേതിൽ നിന്ന് ഭിന്നമായി ശക്തമായ പ്രചരണമാണ് യു ഡി എഫ് നടത്തുന്നത് . ഗ്രൂപ്പ് വഴക്കുകൾ പൂർണ്ണമായി ഇല്ലാതായിക്കഴിഞ്ഞു .പക്ഷെ ഇടത് സ്ഥാനാർത്ഥിയുടെ രാഷ്ട്രിയത്തിനതീതമായ വ്യക്തിപ്രഭാവം വോട്ടായി മാറുമെന്നും ഇത് നേരിയ ഭൂരിപക്ഷമുണ്ടാക്കി ഇടതിന് വിജയ സാധ്യത നൽകുന്നതായും സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിലും പറയുന്നു .

കഴിഞ്ഞ തവണ 4000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാർത്ഥി പി ശ്രീരാമകൃഷ്ണൻ ജയിച്ചത്. . ഒറ്റക്കെട്ടായുള്ള യു ഡി എഫ് പ്രവർത്തനവും മികച്ച വിജയത്തിന് ഇടതിന് തടസ്സം നിൽക്കുന്നുണ്ടന്ന് ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു .2000 വോട്ടിന്റെ ഭൂരിപക്ഷമാണ് നിലവിലെ സാഹചര്യത്തിൽ ഇടതിന് ലഭിക്കുകയെന്നും ഇന്റലിജൻസ് കണക്ക്കൂട്ടുന്നു ..

കഴിഞ്ഞ രണ്ട് തവണയും പൊന്നാനി മണ്ഡലത്തിൽ വിജയിച്ചത് ഇടതായിരുന്നു .ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കാനുള്ള കനത്ത ശ്രമത്തിലാണ് യു ഡി എഫ് പ്രവർത്തകർ

Admin Sunday, 8 May 2016
കണ്ണിലുടക്കാൻ കണ്ണായ വാക്കുകൾ .. തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ പുതുമയുടെ മാറ്റം അലയടിക്കുന്നു

റിപ്പോർട്ട്‌ : ഫക്രുദീൻ പന്താവൂർ 
മുത്തേ പൊന്നേ .. കണ്ണേ കരളേ എന്നൊക്കെ തൊണ്ടകീറി മുദ്രാവാക്യം വിളിച്ചാൽ മാത്രം പോരാ സ്ഥാനാർത്ഥികൾക്കായി വഴിനീളെ നിറയുന്ന പോസ്റ്ററുകളിലും ഫ്ളക്സുകളിലും കൂടിവേണം കണ്ടാൽ കണ്ണുടക്കുന്ന വിശേഷണങ്ങൾ
വോട്ടർമാരുടെ മനസ്സ് കീഴടക്കാൻ കാച്ചിക്കുറുക്കിയ വാചകങ്ങൾ തേടിപ്പിടിക്കുകയാണ് എല്ലാ മുന്നണികളും . പരസ്യങ്ങളിലേതുപോലെ ഒന്നോ രണ്ടോ വാക്യങ്ങളിൽ തങ്ങൾക്ക് പറയാനുള്ളതല്ലാം ഒതുക്കുകയാണ് ഇത്തവണത്തെ ട്രെൻഡ് .
" എൽ ഡി എഫ് വരും എല്ലാം ശരിയാകും " എന്ന് എൽ ഡി എഫും "വളരണം ഈ നാട് തുടരണം ഈ ഭരണം " എന്ന് യു ഡി എഫും പറയുമ്പോൾ " വഴിമുട്ടിയ കേരളം വഴി കാട്ടാൻ ബി ജെ പി " എന്ന മുദ്രാവാക്യവുമായാണ് ബി ജെ പി രംഗത്ത് വന്നിരിക്കുന്നത് .
ഓരോ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കുമുണ്ട് സ്വന്തമായൊരു പ്രചരണവാക്യം . ആദർശധീരന്മാരും വോട്ടർമാരുടെ പ്രിയപ്പെട്ട ചങ്ങാതിയും വികസനനായകനുമൊക്കെയായി സ്ഥാനാർത്ഥികൾ ഫ്ളക്സുകളിലും സമൂഹമാധ്യമങ്ങളിലും നിറയുന്നു .
നമ്മുടെ നാട്ടുകാരന് ഒരു വോട്ട് പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർത്ഥി അജയ് മോഹന്റെ ഫ്ളക്സുകളിൽ നിറഞ്ഞ് നിൽക്കുന്നത് .പൊന്നാനിയുടെ അമരക്കാരൻ .. നന്മയുടെ നക്ഷത്രം തുടങ്ങിയ വിശേഷണങ്ങളും കാണാം .
" വികസനം വിക്കിലല്ല പ്രവർത്തിയിലാണ് " ഇടത് സ്ഥാനാർത്ഥി പി ശ്രീരാമകൃഷ്ണന്റെ ഫ്ളക്സ് ബോർഡിൽ നിറഞ്ഞ് നിൽക്കുന്നത് .പൊന്നാനിയുടെ മുത്ത് .. മലബാറിന്റെ മക്കയിലെ വികസനപ്പോളാരി വിശേഷണങ്ങൾ ഇനിയുമുണ്ട്

Admin Friday, 6 May 2016
പൊന്നാനിയിൽ അടിയൊഴുക്കുകൾ ഫലം നിർണ്ണയിക്കും

റിപ്പോർട്ട്‌ : ഫക്രുദീൻ പന്താവൂർ 
പൊന്നാനി : കഴിഞ്ഞ തവണത്തേതിൽ നിന്ന് ഭിന്നമായി പൊന്നാനി മണ്ഡലത്തിൽ ഇത്തവണ പ്രവചിക്കാൻ കഴിയാത്ത തീ പാറും പോരാട്ടമാണ് നടക്കുന്നത് .ഇരുമുന്നണികളും പ്രചരണത്തിൽ ഒപ്പത്തിനൊപ്പമാണ് .കണക്കുകൂട്ടലുകൾക്കും അപ്പുറത്തെ അടിയൊഴുക്കുകളാകും ഇത്തവണ പൊന്നാനിയുടെ ജയപരാജയങ്ങളെ നിർണ്ണയിക്കുക .
1,90 703 വോട്ടർമാരുള്ള പൊന്നാനിയിൽ പതിനൊന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. യു.ഡി എഫ് ,എൽ ഡി എഫ്, വെൽഫയർ പാർട്ടി ,ബിജെപി ,പി ഡി പി സ്ഥാനാർത്ഥികൾക്ക് പുറമെ അഞ്ച് സ്വതന്ത്രന്മാരും മത്സരരംഗത്തുണ്ട് .
പൊന്നാനി മണ്ഡലത്തിൽ 99808 സ്ത്രീ വോട്ടർമാരും ,908 98 പുരുഷ വോട്ടർമാരുമാണുമുള്ളത്. ഇതിൽ 24000 പേർ പുതിയ വോട്ടർമാരാണ് .പുതിയ വോട്ടർമാരുടെ വോട്ടുകളാകും ഇത്തവണ പൊന്നാനിയുടെ ഗതി നിയന്ത്രിക്കുക .
ഇടത് മുന്നണി ഇത്തവണ ഹാട്രിക് വിജയം നേടുമെന്ന പ്രതീക്ഷയിലാണ് .എണ്ണായിരത്തിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് പറയുന്നുണ്ടെങ്കിലും വിജയത്തിന്റെ കാര്യത്തിൽ ആശങ്കയിലാണന്നതാണ് യാഥാർത്ഥ്യം .യു ഡി എഫിന്റെ പതിവിലും കവിഞ്ഞ പ്രചരണ പരിപാടികളാണ് എൽ ഡി എഫിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂടെ ഉണ്ടായിരുന്ന പി ഡി പി യും വെൽഫെയർ പാർട്ടിയും തനിച്ച് മൽസരിക്കുന്നതും ഇടത് സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട് . കഴിഞ്ഞ തദ്ധേശ തെരഞ്ഞെടുപ്പിൽ എണ്ണായിരം വോട്ടിന്റെ ലീഡ് പൊന്നാനി മണ്ഡലത്തിൽ നേടാൻ കഴിഞ്ഞൊരു ആത്മവിശ്വാസം ഇടത് ക്യാംപിലുണ്ട് . പ്രചരണത്തിലെ ആൾക്കൂട്ടങ്ങൾ വോട്ടായി മാറില്ല എന്ന തിരിച്ചറിവ് ഇരു മുന്നണികൾക്കും സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല . ഇടത് ക്യാംപിലെ ഈ അസ്വസ്ഥത തന്നെയാണ് ചിലയിടങ്ങളിൽ നേരിയ സംഘർഷങ്ങളും ഉണ്ടാക്കുന്നത് .അഴീക്കലിലും വെളിയങ്കോട് പത്തു മുറിയിലും സി പി എം പ്രവർത്തകരും ലീഗ് പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത് .പ്രചരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ എൽ ഡി എഫിന്റെ ഫ്ളക്സ് ബോർഡുകൾ പലയിടങ്ങളിലും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു .
യു ഡി എഫ് ഇത്തവണ പൊന്നാനി തിരിച്ച് പിടിക്കാനുള്ള വാശിയിലാണ് .താഴെതട്ടിൽവരെ പ്രചരണങ്ങൾ ശക്തമാക്കിയാണ് യു ഡി എഫിന്റെ പ്രചരണ രീതി .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോരിൽ മാറി നിന്നവർ പോലും ഇത്തവണ പ്രചരണത്തിൽ സജീവമായി രംഗത്തുണ്ട് . അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലാണ് പൊന്നാനിയിലെ വിജയ മാർജിൻ.ഇത് മറികടക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് യു ഡി എഫിന്റെ കണക്ക് കൂട്ടൽ .
പതിവിന് വിപരീതമായി തീരപ്രദേശങ്ങളിൽ കനത്ത പ്രചരണമാണ് യു ഡി എഫ് കാഴ്ചവെക്കുന്നത് .ബി ജെ പി - എസ് എൻ ഡി പി സഖ്യം ഇടത് വോട്ടുകളിൽ വിള്ളലുകൾ ഉണ്ടാക്കും എന്നാണ് യു സി എഫ് വിലയിരുത്തൽ .
കഴിഞ്ഞ തവണ 4000 വോട്ടുകൾക്കാണ് ഇടത് സ്ഥാനാർത്ഥി പി ശ്രീരാമകൃഷ്ണൻ വിജയിച്ചത് .രാഷ്ട്രിയത്തിനതീതമായി പി ശ്രീരാമകൃഷ്ണൻ പിടിക്കുന്ന വോട്ടുകളാണ് നിർണ്ണായമാവുക എന്ന് ഇടത് ക്യാംപ് അംഗങ്ങൾ തന്നെ പറയുന്നു .
ബി ജെ പി - എസ് എൻ ഡി പി സഖ്യം ശക്തമായ പ്രചരണങ്ങളിൽ .ഈ മുന്നണി പിടിക്കുന്ന വോട്ടിൽ ഇരു മുന്നണികളും ആശങ്കയിലാണ് .
കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക് ശക്തമല്ലെങ്കിലും മണ്ഡലത്തിൽ പൊന്നാനി നഗരസഭയിലൊഴിച്ച് യു ഡി എഫ് സംവിധാനം ശക്തമല്ല . മുസ്ലിം ലീഗ് ഇനിയും താഴെത്തട്ടിലുള്ള പ്രചരണങ്ങൾക്ക് ഇറങ്ങിയിട്ടില്ല . ആലംകോട് ,വെളിയംകോട് ,പെരുമ്പടപ്പ് പഞ്ചായത്തുകളിൽ ശക്തമായ ലീഡ് നില നിർത്തിയാൽ മാത്രമെ യു ഡി എഫിന്ന് വിജയ സാധ്യത ലഭിക്കൂ .. നന്നംമുക്ക് പഞ്ചായത്തിൽ യു ഡി എഫ് ബന്ധം കനത്ത വിള്ളലിലാണ് . ഇതെല്ലാം വോട്ട് ചോർച്ച ഉണ്ടാക്കുമോ എന്ന് പ്രവചിക്കാനാവില്ല .
എൽ ഡി എഫിനും കാര്യങ്ങൾ എളുപ്പമല്ല .മാറഞ്ചേരി പഞ്ചായത്തിൽ നേരത്തേ ഉണ്ടായ സി പി എമ്മിലെ വിഭാഗിയതയും സി പി ഐ ചിലയിടങ്ങളിൽ ഇടഞ്ഞ് നിൽക്കുന്നതും സി പി എമ്മിന് തലവേദനയായിട്ടുണ്ട് .
ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം ലക്ഷ്യം വെച്ചാണ് ബി ജെ പി സ്ഥാനാർത്ഥി കെ കെ സുരേന്ദ്രന്റെ പ്രചരണ പ്രവർത്തനങ്ങൾ . കഴിഞ്ഞ തദ്ധേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടാക്കായ മുന്നേറ്റം ബി ജെ പി ക്ക് കരുത്ത് പകരുന്നുണ്ട് . വോട്ടിങ്ങ് നില മുപ്പതിനായിരത്തിലെത്തിക്കാ മെന്നാണ് പ്രതീക്ഷ .
വെൽഫയർ പാർട്ടി സ്വന്തം സ്ഥാനാർത്ഥിയായി എം എം ശിക്കാറിനെയാണ് നിർത്തിയിട്ടുള്ളത് .വേറിട്ട പ്രചരണ ശൈലിയാണ് വെൽഫെയർ പാർട്ടി അവലംബിക്കുന്നത് .ഇടത് പക്ഷത്തിന്റെ വോട്ടിങ്ങ് ചോർച്ച ഇതോടെ ശക്തമാകും .
1996 ന് ശേഷം ഇതാദ്യമായാണ് പി ഡി പി നിയമസഭയിലേക്ക് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നത് .. കഴിഞ്ഞ മാസങ്ങളിൽ വിവിധ പാർട്ടികളിൽ നിന്ന് നിരവധി പേർ പി ഡി പിയിലേക്കെത്തിയത് പാർട്ടിയുടെ സ്വാധീനം വർധിപ്പിച്ചതായാണ് വിലയിരുത്തൽ .
ആർക്കും പിടികൊടുക്കാത്ത പൊന്നാനി കഴിഞ്ഞ രണ്ട് തവണ ജയിപ്പിച്ചത് ഇടതിനെയാണ് .ആദ്യം പാലൊളി ,പിന്നീട് ശ്രീരാമകൃഷ്ണൻ .ഇനിയിതാ രണ്ടാമൂഴത്തിൽ വീണ്ടും ശ്രീരാമകൃഷ്ണൻ തന്നെ .. ഹാട്രിക് നേടിയാൽ പൊന്നാനി ഇടത് മണ്ഡലമായും . ഇപ്പോൾ മണ്ഡലം തിരിച്ചു പിടിക്കാൻ യു ഡി എഫിന് കഴിഞ്ഞില്ലെങ്കിൽ അടുത്ത കാലത്തൊന്നും അതിനായി കാത്തിരിക്കേണ്ടിവരില്ല .
2011 ലെ തെരഞ്ഞെടുപ്പിൽ 4101 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി പി ശ്രീരാമകൃഷ്ണൻ വിജയിച്ചതെങ്കിലും തുടർന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ,തദ്ധേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും പൊന്നാനിയിലെ ഇടത് ഭൂരിപക്ഷം എണ്ണായിരത്തിന് മേലേയാണ്. ഈയൊരു മാർജിനാണ് യു ഡി എഫ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ കടമ്പയായി മുന്നിൽ വെക്കുന്നത് .
2011 ലെ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്ഥമായി നിരവധി അനുകൂല സാഹചര്യങ്ങൾ ഇരു മുന്നണികളും ഇത്തവണ കണക്ക് കൂട്ടുന്നുണ്ട് . കഴിഞ്ഞ 5 വർഷത്തിനിടെ പി ശ്രീരാമകൃഷ്ണൻ സാധ്യമാക്കിയ ജനകീയതയാണ് എൽ ഡി എഫ് അനുകൂല ഘടകമായി കാണുന്ന പ്രധാന കാര്യം . ഗ്രൂപ്പ് രാഷ്ട്രീയത്തിലെ അതിപ്രസരം പരിധി വിട്ടില്ലെന്ന പ്രത്യാശയാണ് യു ഡി എഫ് കേന്ദ്രങ്ങൾക്ക് നൽകുന്ന പ്രതീക്ഷ . കഴിഞ്ഞ തവണ ഇടതിന് പിന്തുണ നൽകിയവർ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി മൽസരിക്കുന്നതും യു ഡി എഫിന്റെ കണക്കുകൂട്ടലുകളെ ബലപ്പെടുത്തുന്നു .

bitcorrespondent Tuesday, 3 May 2016
അപരന്മാരുടെ ശല്യത്തിനെതിരെ കെ ടി ജലീൽ .
അപരന്മാരുടെ ശല്യത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുകയാണ് കെ ടി ജലീൽ .

തവനൂർ മണ്ഡലത്തിൽ കെ ടി ജലീലിന് മൂന്ന് അപരന്മാരാണ് ഉള്ളത് . ഇതിൽ രണ്ടുപേർ ശരിക്കും "കെ ടി ജലീൽ " തന്നെ ...
യു ഡി എഫ് സ്ഥാനാർത്ഥിയായ ഇഫ്തിഖാറുദ്ധീന് ഒരു അപരനെയുള്ളൂ ...

പൊന്നാനിയിൽ അജയ്മോഹന് മറ്റൊരു അജയ്മോഹൻ അപരനായുണ്ട് . ഇടത് സ്ഥാനാർത്ഥി പി ശ്രീരാമകൃഷ്ണന് അപരനായി മൂന്നു പേരുണ്ട് ..
അപരന്മാരെ കണ്ടെത്താൻ ഓരോ രാഷ്ട്രീയ പാർട്ടിയും കണ്ടെത്തുന്ന മിടുക്കിനാവട്ടെ ... സമ്മാനം ..

Faqrudheen Panthavoor .

Admin
ഉമ്മൻ ചാണ്ടിക്ക് 'അഴി' ഉറപ്പാക്കും- വി എസ് അച്ചുതാനന്തൻ
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള മുഴുവൻ അഴിമതി കേസുകളും പുറത്ത് കൊണ്ടുവര്കയും മുഖ്യന് അഴി ഉറപ്പാകുകയും ചെയ്യുമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്തൻ.തന്റെ ഫേസ്ബുക്ക്‌ പെജിലൂടെയാണ് അദ്ദേഹം  ഉന്നയിച്ചത്.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ മുഴുവൻ രൂപം താഴെ വായിക്കാം 

പ്രിയപ്പെട്ട മുഖ്യമന്ത്രി,
കേരളത്തിലെ ജനങ്ങളെ ആകെ വിഢികളാക്കാനുള്ള പാഴ്ശ്രമമാണ് താങ്കൾ നടത്തി കൊണ്ടിരിക്കുന്നത്. താങ്കളുടെ പേരിൽ 31 അഴിമതി കേസുകൾ ഉണ്ടെന്നാണ് ഞാൻ പറഞ്ഞത്. അതിൽ ഞാൻ ഉറച്ച് നിൽക്കുന്നു. ഈ പ്രശ്നം ഇപ്പോൾ കോടതിയുടെ മുമ്പാകെ ആണ് . അത് കൊണ്ട് ഇതിന്റെ വിശദാംശങ്ങൾ ഞാൻ കോടതിയിൽ ബോധിപ്പിക്കും.
നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം താങ്കൾ ഒരു വീരവാദം മുഴക്കിയതായി കണ്ടു. തനിക്കെതിരെ ഏതെങ്കിലും എഫ്.ഐ.ആർ. ഉണ്ടോ എന്നാണ് താങ്കൾ ചോദിച്ചിരിക്കുന്നത്. കേസിന്റെ കാര്യം പറയുംമ്പോൾ എഫ്.ഐ.ആർ - ന്റെ കാര്യവുമായിട്ടാണ് അങ്ങ് വരുന്നത്. ഇത് താങ്കളുടെ സ്ഥിരം കലാപരിപാടിയാണ്.
ഇനി എഫ്.ഐ.ആർ -ന്റെ കാര്യമെടുക്കാം. താങ്കളുടെ പേരിൽ ഒരൊറ്റ എഫ്.ഐ.ആർ. പോലും ഇല്ല എന്നാണല്ലോ പറയുന്നത്. ആരാണ് ഈ എഫ്.ഐ.ആർ. ഇടേണ്ടത്? താങ്കളുടെ കീഴിലുള്ള ആജ്ഞാനുവർത്തികളായ പോലീസുകാരും താങ്കൾക്ക് വിടുപണി ചെയ്യുന്ന വിജിലൻസ് ഉദ്യോഗസ്ഥരും! - അല്ലേ? ഇവർ നട്ടെല്ല് താങ്കളുടെ മുന്നിൽ പണയം വച്ചിരിക്കുകയാണെന്ന് കേരള ജനതയ്ക്ക് നന്നായിട്ട് അറിയാം.
താങ്കളുടെ പേരിലുള്ള ടെറ്റാനിയം കേസ് ഓർമയില്ലേ? 2014 ആഗസ്റ്റിലാണ് താങ്കൾക്കെതിരെ എഫ്.ഐ.ആർ. ഇട്ട് അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടത്. അന്ന് നിങ്ങൾ അതിലെ ചില പ്രതികളെ വച്ച് ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി. 2016 ജനുവരിയിൽ ഹൈക്കോടതി ആ സ്റ്റേ എല്ലാം നീക്കി. എന്നിട്ട് ഇപ്പോൾ മാസം അഞ്ച് കഴിഞ്ഞു. വിജിലസ് ഡയറക്ടറെന്ന നിങ്ങളുടെ ആജ്ഞാനുവർത്തി ഇതുവരെ എഫ്.ഐ.ആർ. ഫയൽ ചെയ്തിട്ടില്ല. കോടതിയിൽ വരുംമ്പോൾ തട്ടാമുട്ടി ന്യായം പറഞ്ഞ് സമയം ചോദിക്കുകയാണ്. നിങ്ങൾ എന്റെ ഈ ചോദ്യത്തിന് ഉത്തരം പറയണം. നിങ്ങൾ ഈ കേസിലെ ആറാം നമ്പർ സസ്പെക്ടെഡ് ഓഫീസർ (SO6) അല്ലേ?
ഇങ്ങനെ വിജിലൻസിനെ നിങ്ങൾ കക്ഷത്തിലിടിക്കി വച്ചാൽ എങ്ങനെ വിജിലൻസ് എഫ്.ഐ.ആർ. ഫയൽ ചെയ്യും.
ഞാൻ പറഞ്ഞത് നിങ്ങൾക്കെതിരെ 31 അഴിമതി കേസുകളുണ്ടെന്നാണ്. നിങ്ങളത് നിഷേധിച്ചു. തൃശൂർ വിജിലൻസ് കോടതിയിൽ രണ്ട് കേസുകളിൽ എഫ്.ഐ.ആർ. ഇടാൻ ഉത്തരവായില്ലേ? മൂവാറ്റുപുഴ വിജിലൻസ് കോടതിയിലും ഒരു കേസിൽ താങ്കൾക്കെതിരെ കടുത്ത പരാമർശം വന്നില്ലേ? തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പാറ്റൂർ ഫ്ലാറ്റ് കുംഭകോണത്തിൽ താങ്കളെ ഒന്നാം പ്രതിയാക്കി ഞാൻ കേസ് കൊടുത്തിട്ടില്ലേ? ഈ കേസുകളെല്ലാം താങ്കളുടെ മുന്നിൽ വിറച്ച് നിൽക്കുന്ന ആഭ്യന്തര മന്ത്രി ചെന്നിത്തലയും താങ്കൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന വിജിലൻസ് ഡയറക്ടറും കൂടിയല്ലേ നീട്ടികൊണ്ട് പോകുന്നത്.
ബാഗ്ലൂർ ജില്ലാ കോടതിയിൽ താങ്കൾക്കെതിരെ ഒരു കോടി അറുപത് ലക്ഷം രൂപയുടെ റിക്കവറി സ്യൂട്ട് ഇല്ലേ? സോളാർ സരിതയും നിങ്ങളും കൂടി ഒരു കുരുവിളയെ പറ്റിച്ചത് ഓർമയുണ്ടോ? അയാൾ കൊടുത്ത കേസാണിത്. താങ്കൾക്ക് രണ്ട് സമൻസ് കിട്ടിയില്ലേ? താങ്കൾ ഹാജരായില്ല. കേസിൽ താങ്കളെ എക്സ്പാർട്ടിയാക്കി. നാമനിർദ്ദേശ പത്രിക നൽകുന്നതിന് ഒരു ദിവസം മുമ്പല്ലേ നിങ്ങളുടെ വക്കീൽ സമസ്താപരാധവും ഏറ്റ് പറഞ്ഞ് കോടതിയിൽ ഹാജരായത്. കോടതിയുടെ ഉത്തരവ് എന്തായിരുന്നു എന്ന് താങ്കൾക്ക് അറിയാമോ? അറിയില്ലെങ്കിൽ ഞാൻ പറഞ്ഞ് തരാം. ജൂൺ 20-ന് താങ്കൾ ആ കോടതി മുമ്പാകെ കൈയ്യും കെട്ടി തല കുനിച്ച് നിന്ന് മാപ്പ്! മാപ്പ്! മാപ്പ്! എന്ന് മൂന്ന് വട്ടം പറയണം. മേയ് 16 കഴിഞ്ഞാൽ മുഖ്യമന്ത്രി എന്ന തൊപ്പി താങ്കളുടെ തലയിലുണ്ടാവില്ലല്ലോ. കോടതികൾ കയറയിറങ്ങി നടക്കാൻ ഇഷ്ടം പോലെ സമയം കാണും!
CC. 393\2015. എറണാകുളം കൺസ്യൂമർ കോടതിയിലെ കേസാണിത്. താങ്കളാണ് രണ്ടാം പ്രതി.
ലോകായുക്തയിൽ ഫയൽ ചെയ്യുന്നത് അടിപിടി കേസും പിടിച്ചുപറി കേസും അല്ലല്ലോ? അഴിമതി കേസുകളാണെന്ന് താങ്കൾക്കും എനിക്കും അറിയാം. ലോകായുക്തയുടെ വെബ്ബ് സൈറ്റിൽ താങ്കളും കൂട്ടാളികളും കാണിച്ച അഴിമതികൾക്കെതിരെ 47 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം വിവരാവകാശം വഴി ലഭിച്ചിട്ടുണ്ട്. പക്ഷെ താങ്കൾ ഒരു വലിയ സൂത്രശാലിയാണ്. വിവരം പുറത്ത് വന്നപ്പോൾ താങ്കളുടെ ഓഫീസിലെ ഒരു പ്രമുഖൻ ലോകായുക്തയെ വിരട്ടി. നിങ്ങളുടെ കാരുണ്യത്തിൽ ജോലികിട്ടിയ ആ റിട്ടേയ്ഡ് ജഡ്ജി ഒരു കൂസലും കൂടാതെ വിളിച്ചു പറഞ്ഞു ഇവിടൊരു കേസും ഇല്ലെന്ന്. ഞാനിതൊന്നും വിളിച്ച് പറയണമെന്ന് വിചാരിച്ചതല്ല. പക്ഷെ താങ്കൾ ജനങ്ങളെ തെറ്റിധരിപ്പിക്കുംമ്പോൾ അവരെ സത്യം ബോദ്ധ്യപ്പെടുത്തേണ്ടത് എന്റെ കടമയാണ്.
ഉമ്മൻ ചാണ്ടി, താങ്കളുടെ അഴിമതിക്ക് മരുന്ന് 'അഴി' മതി!
സസ്നേഹം,
വി.എസ്.അച്യുതാനന്ദന്‍

Admin Monday, 2 May 2016
എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾ ഇന്ന് പത്രിക സമര്പിക്കും
പൊന്നാനി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി ശ്രീരാമകൃഷ്ണനും യുഡിഎഫ് സ്ഥാനാർഥി പി ടി അജയ്മോഹനും ഇന്ന് നാമനിർദേശ പത്രിക സമര്പിക്കും.
പൊന്നാനി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി ശ്രീരാമകൃഷ്ണനും യുഡിഎഫ് സ്ഥാനാർഥി പി ടി അജയ്മോഹനും ഇന്ന് നാമനിർദേശ പത്രിക സമര്പിക്കും.

ഇരുവരും എടപ്പാൾ ബ്ലോക്ക് ഓഫീസിലെത്തി അസി.റിട്ടേണിംഗ് ഓഫീസർക്ക് പത്രിക നല്കും.ശ്രീരാമകൃഷ്ണൻ രാവിലെ പത്തു മണിക്കും അജയ്മോഹൻ പത്തരക്കുമാണ് പത്രിക സമര്പിക്കുന്നത്.

ബി ജെ പി സ്ഥാനാർഥി കെ കെ സുരേന്ത്രനും വെൽഫെയർ പാര്ട്ടി സ്ഥാനാർഥി എം എം ഷാക്കിറും 27 നു പത്രിക സമര്പിക്കും.

Admin Sunday, 24 April 2016
മണ്ഡലത്തിന്റെ വികസനമില്ലായ്മയെ തുറന്ന് കാണിച്ച് ഫത്താഹ് മാസ്റ്റർ ..
സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ അൽപ്പം വൈകിയെങ്കിലും പൊന്നാനി മണ്ഡലം എസ് ഡി പി ഐ സ്ഥാനാർത്ഥി ഫത്താഹ് മാസ്റ്റർ തികഞ്ഞ ആത്മവിശ്വാസത്തിലാണ് . ഇരു മുന്നണികളുടെയും അസംതൃപ്തരെ ലക്ഷ്യം വെച്ചുള്ള പ്രചരണ തന്ത്രങ്ങളാണ് എസ് ഡി പി ഐ നടത്തുന്നത് .മണ്ഡലത്തിൽ കാലങ്ങളായി നേരിടുന്ന വികസനമില്ലായ്മയും ,കൊണ്ട് വന്ന വികസനങ്ങളിലെ ക്രമക്കേടും അഴിമതിയും തുറന്ന് കാണിച്ചാണ് സ്ഥാനാർത്ഥിയുടെ പര്യടനം .
ഒന്നാം ഘട്ടത്തിൽ മണ്ഡലത്തിലെ മുക്കിലും മൂലയിലും വരെ ചെന്ന് വോട്ടർമാരുടെ അനുഗ്രഹം വാങ്ങിയാണ് ഫത്താഹ് മാസ്റ്റർ പ്രചരണങ്ങൾക്ക് തുടക്കമിട്ടത് . രണ്ടാം ഘട്ടത്തിൽ കുടുംബസംഗമങ്ങളും വനിതാ കൺവെൻഷനുകളും വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന രീതിയിലാണ് പ്രചരണം .ഇതിനകം പൊന്നാനി നഗരസഭ ,വെളിയങ്കോട് ,മാറഞ്ചേരി പഞ്ചായത്തുകളിൽ രണ്ടാം ഘട്ട പ്രചരണങ്ങൾ പൂർത്തിയാക്കാൻ ഫത്താഹ് മാസ്റ്റർക്ക് കഴിഞ്ഞു . 
ചമ്രവട്ടം ജലസംഭരണി നിർമ്മാണത്തിലെ വൻ ക്രമക്കേടും ,ഫിഷിംഗ് ഹാർബർ നിർമ്മാണത്തിലെ അഴിമതിയും ,കടൽഭിത്തി നിർമിക്കാതെ തീരവാസികളെ കബളിപ്പിച്ചതും ,താവളക്കുളത്തെ ചിർപ്പ് പാലം നിർമിക്കാത്തതും തുടങ്ങി മണ്ഡലത്തിലെ അടിസ്ഥാന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ് ഡി പി ഐ സ്ഥാനാർത്ഥി പ്രചരണം ശക്തമാക്കുന്നത് . സംസ്ഥാന രാഷ്ട്രിയത്തേക്കാൾ ഇവിടെ ചർച്ചയാകുന്നത് മണ്ഡലത്തിലെ വികസനമില്ലായ്മ തന്നെ .ഇരു മുന്നണികളും മാറി മാറി ഭരിച്ചിട്ടും പൊന്നാനി ഇനിയും അടിസ്ഥാന വികസനങ്ങൾ നേടിയില്ലെന്ന് സ്ഥാനാർത്ഥി അക്കമിട്ട് നിരത്തുന്നു . പുതിയ വോട്ടർമാരായ വിദ്യാർത്ഥികളോട് വികസന കാര്യത്തിൽ തുറന്ന സംവാദം നടത്താനും ഫത്താഹ് മാസ്റ്റർ സമയം കണ്ടെത്തുന്നു .
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന് പുറത്തുള്ള യഹിയ തങ്ങൾ മൽസരിച്ചപ്പോൾ എസ് ഡി പി ഐ ക്ക് 3250 വോട്ടുകൾ നേടാനായിരുന്നു .കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പൊന്നാനി അസ്സംബ്ലി മണ്ഡലത്തിൽ എസ് ഡി പി ഐ ക്ക് 5038 വോട്ട് നേടി നില മെച്ചപ്പെടുത്താൻ കഴിഞ്ഞിരുന്നു .ഇത്തവണ ഇതിന്റെ ഇരട്ടിയാക്കാനാണ് ലക്ഷ്യം . പൊന്നാനി മണ്ഡലത്തിൽ 42 ബ്രാഞ്ചുകൾ ഉള്ള എസ് ഡി പി ഐ യിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇരു മുന്നണികളിലെയും അസംതൃപ്തരുടെ വോട്ടുകൾ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളാണ് പയറ്റുന്നത് . ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം .
നഗരസഭയിൽ ഏറെ സുപരിചതനാണ് സ്ഥാനാർത്ഥിയായ ഫത്താഹ് മാസ്റ്റർ .മറ്റു പഞ്ചായത്തുകളിൽ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നത് വിജയകരമായി പൂർത്തിയാക്കാൻ കഴിഞാൽ കാര്യങ്ങൾ എളുപ്പമായി .
പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഇതിനകം എസ് ഡി പി ഐ സംസ്ഥാന നേതാവ് പി കെ ഉസ്മാൻ , ജില്ലാ നേതാക്കളായ സിജി ഉണ്ണി , മജീദ് എന്നിവരും എത്തിയിരുന്നു .പുതു തലമുറയെ അകർഷിപ്പിക്കാൻ സോഷ്യൽ മീഡിയ വഴിയും കനത്ത പ്രചരണമാണ് എസ് ഡി പി ഐ നടത്തുന്നത് . 
ഫത്താഹ് മാസ്റ്ററുടെ ശക്തമായ സാന്നിധ്യം യു ഡി എഫിൽ കാര്യമായ വോട്ട് ചോർച്ച ഉണ്ടാക്കുമെന്നാണ് എസ് ഡി പി ഐ അവകാശവാദം .നഗര സഭയിലെ യു ഡി എഫ് വോട്ട് ബാങ്കിൽ കനത്ത വിള്ളൽ വീഴ്‌ത്താൻ ഫത്താഹ് മാസ്റ്റർക്ക് നിഷ്പ്രയാസം സാധിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ .യു ഡി എഫ് ,എൽ ഡി എഫ് ക്യാമ്പുകളെ വിറപ്പിക്കാൻ ഇതിനകം എസ് ഡി പി ഐ പ്രചരണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് . കുടുംബയോഗങ്ങളിൽ ലഭിക്കുന്ന വൻ സ്വീകാര്യത ഇതാണ് സൂചിപ്പിക്കുന്നതെന്ന് പാർട്ടി നേതൃത്വം പറയുന്നു .
ഈ പാർട്ടി മുന്നോട്ട് വെക്കുന്ന ബദൽ രാഷ്ട്രീയം മനോഹരമെങ്കിലും ''തീവ്രവാദം " എന്ന അധികകുപ്പായം അതിന്റെ സാധ്യതകളെ വലിയൊരളവിൽ ഇല്ലാതാക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത് .
Faqrudheen Panthavoor

Admin
എല്‍ഡിഎഫിന്റെ പ്രകടനപത്രിക വിഭാവനം ചെയ്യുന്നതെന്ത്‌ ?
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രിക  ഇടതുപക്ഷ ജനാധപിത്യ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രകാശനം ചെയ്യുകയുണ്ടായി. രാഷ്‌ട്രീയ സംഭവ ഗതികളുടെ പശ്ചാത്തലത്തില്‍ വികസന പ്രശ്‌നങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. വേണം നമുക്കൊരു പുതുകേരള മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം എന്ന കാഴ്‌ചപ്പാടാണ്‌ പ്രകടനപത്രികയുടേത്‌. 

അടുത്ത അഞ്ചുവര്‍ഷം കേരളത്തെ ജനതാല്‍പര്യത്തോടെ നയിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട്‌ എന്ന കാര്യം ഇത്‌ വ്യക്തമാക്കുന്നു. മതനിരപേക്ഷതയുടെ സംരക്ഷണം ഉറപ്പ്‌ വരുത്തികൊണ്ട്‌ വികസനം നടപ്പാക്കുമെന്നാണ്‌ പ്രകടനപത്രിക വ്യക്തമാക്കുന്നത്‌.
ഉല്‍പാദന മേഖലകളിലെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നതും പുതു തലമുറയ്‌ക്ക്‌ അവരുടെ വിദ്യാഭ്യാസ യോഗ്യതയ്‌ക്ക്‌ ഉതകുന്ന തൊഴില്‍ സൃഷ്‌ടിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്‌. അതിനായി വ്യവസായ തുറകളിലേക്ക്‌ തിരിയുന്നതിന്‌ ഉതകുന്ന സമീപനം രേഖ മുന്നോട്ട്‌ വെക്കുന്നു. ഐ.ടി പോലുള്ള വിജ്ഞാന അധിഷ്‌ഠിത വ്യവസായങ്ങള്‍, ടൂറിസം പോലുള്ള സേവന പ്രധാനമായ വ്യവസായങ്ങള്‍, ലൈറ്റ്‌ എഞ്ചിനീയറിംഗ്‌ പോലുള്ള വൈവിധ്യം ആവശ്യമാര്‍ന്ന വ്യവസായങ്ങള്‍, കേരളത്തില്‍ ലഭ്യമായ വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ തുടങ്ങിയവയില്‍ ഊന്നിക്കൊണ്ടുള്ള വളര്‍ച്ചയാണ്‌ ഇത്‌ ഉദ്ദേശിക്കുന്നത്‌. ഇതിലൂടെ 25 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്‌ടിക്കുന്നതിനുള്ള പദ്ധതി മുന്നോട്ട്‌ വെക്കുന്നു. പൊതുമേഖല സംരക്ഷിക്കുകയും അതിന്റെ ഉല്‍പാദനം 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള കാഴ്‌ചപ്പാട്‌ ഇതിലുണ്ട്‌.
പാവങ്ങളില്‍ പാവങ്ങള്‍ പണിയെടുക്കുന്ന മേഖലയാണ്‌ പരമ്പരാഗത വ്യവസായങ്ങള്‍. അവയെ സാമൂഹ്യസുരക്ഷാ സംവിധാനം എന്ന നിലയില്‍ കണ്ടുകൊണ്ട്‌ സംരക്ഷണവലയം തീര്‍ക്കുന്നതിനുള്ള പദ്ധതികളും പ്രകടനപത്രിക വിഭാവനം ചെയ്യുന്നു.
വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരണമെങ്കില്‍ ഭൗതിക പശ്ചാത്തല സൗകര്യം വര്‍ദ്ധിക്കേണ്ടതുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി, റോഡുകള്‍, റെയില്‍വേ സംവിധാനം, ജലഗതാഗതങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിനും ഇത്‌ ഊന്നല്‍ നല്‍കുന്നു.
കേരളത്തിന്റെ കാര്‍ഷികമേഖല മുന്നോട്ട്‌ കൊണ്ടുപോകുന്നതിന്‌ സര്‍ക്കാരിന്റെ നിക്ഷേപം വന്‍തോതില്‍ ഉയര്‍ത്തണം എന്നതാണ്‌ രേഖയിലെ കാഴ്‌ചപ്പാട്‌. കാര്‍ഷിക മേഖലയ്‌ക്ക്‌ സര്‍ക്കാര്‍ ചെലവ്‌ സംസ്ഥാന വരുമാനത്തിന്റെ 3-5 ശതമാനമാണ്‌. ഇത്‌ 10 ശതമാനത്തോളമായി ഉയര്‍ത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ജൈവ പച്ചക്കറിയുടെ വികസനത്തിലൂടെ സ്വയംപര്യപ്‌തത ഇത്‌ ലക്ഷ്യം വെക്കുന്നു. കാര്‍ഷിക വിളകള്‍ക്ക്‌ ആദായവില ഉറപ്പാക്കുന്നതിനും നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനും പ്രകടനപത്രിക ഊന്നല്‍ നല്‍കുന്നു. നെല്‍കൃഷിക്കാര്‍ക്കും പച്ചക്കറി കൃഷിക്കാര്‍ക്കും പലിശരഹിത വായ്‌പ ലഭ്യമാക്കുന്നതിനും ഇത്‌ ലക്ഷ്യം വെക്കുന്നു.
കര്‍ഷക തൊഴിലാളികള്‍ക്ക്‌ നിശ്ചിത ദിവസം തൊഴിലുറപ്പും ആരോഗ്യസംരക്ഷണവും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ട സഹായങ്ങളും പ്രകടനപത്രിക വിഭാവനം ചെയ്യുന്നു. ഹരിതസേന, ലേബര്‍ ബാങ്ക്‌, തുടങ്ങിയ കാഴ്‌ചപ്പാടുകളും പത്രികയിലുണ്ട്‌.
വിദ്യാഭ്യാസ മേഖലയില്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനാണ്‌ ഊന്നിയിട്ടുള്ളത്‌. 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്‌ ആക്കുകയും 1000 പൊതുവിദ്യാലയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക്‌ ഉയര്‍ത്തുകയും ഇതിന്റെ ലക്ഷ്യമാണ്‌. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്ററി വരെ മാതൃഭാഷാ പഠനം നടത്തുന്നതോടൊപ്പം ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ്‌ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നു. അണ്‍എയ്‌ഡഡ്‌ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമഗ്ര നിയമനിര്‍മ്മാണവും ലക്ഷ്യം വെക്കുന്നുണ്ട്‌. ഉന്നത വിദ്യാഭ്യാസത്തെ അറിവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന സമീപനവും ഇതിലെ പ്രധാന കാഴ്‌ചപ്പാടാണ്‌.
ആരോഗ്യരംഗത്ത്‌ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ചെലവ്‌ സംസ്ഥാന ഉല്‍പാദനത്തിന്റെ .6 ശതമാനമാണിപ്പോള്‍. അത്‌ 5 ശതമാനമായി ഉയര്‍ത്താനാണ്‌ ഉദ്ദേശം. ആരോഗ്യമേഖലയിലെ ഡോക്‌ടര്‍മാരുടെയും നേഴ്‌സുമാരുടെയും എണ്ണം ഇരട്ടിയായി മാറ്റും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുക എന്നത്‌ ഇതിലെ പ്രധാന ഊന്നലാണ്‌. മൂന്ന്‌ മെഡിക്കല്‍ കോളേജുകളെ എയിംസിന്റെ നിലവാരത്തിലേക്ക്‌ ഉയര്‍ത്താനും ലക്ഷ്യം വെക്കുന്നു. കേരളത്തില്‍ ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. 500 കോടി രൂപ മുതല്‍മുടക്കി ഏറ്റവും ആധുനികമായ ലബോറട്ടറിയും ഗവേഷണകേന്ദ്രവും ഈ രംഗത്ത്‌ കൊണ്ടുവരും. ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികള്‍ എല്ലാ പഞ്ചായത്തിലും സ്ഥാപിക്കുന്നതിനും ഹോമിയോപ്പൊതിയിലെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുക എന്നതും ഇതിലെ ലക്ഷ്യമാണ്‌.
ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താനും കോടതി ഭാഷ മലയാളമാക്കാനും ഇ-ഗവേണ്‍സ്‌ ഉള്‍പ്പെടെ മാതൃഭാഷയിലേക്ക്‌ കൊണ്ടുവരുമെന്നും ഇത്‌ ഉറപ്പ്‌ നല്‍കുന്നു. തൊഴില്‍ പരീക്ഷകള്‍, മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷകള്‍ എന്നിവ മലയാളത്തില്‍ എഴുതാനുള്ള അവസരവും ഇത്‌ വിഭാവനം ചെയ്യുന്നു.
കേരളത്തില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത നിയമനിരോധനം എടുത്ത്‌ മാറ്റല്‍, തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കുന്ന രീതി അവസാനിക്കല്‍ എന്നിവ ഇതിലുണ്ട്‌. ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകള്‍ 10 ദിവസത്തിനകം പി.എസ്‌.സിയെ അറിയിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്‌.
പരിസ്ഥിതി സൗഹൃദപരമായ കാഴ്‌ചപ്പാട്‌ മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌. സര്‍ക്കാര്‍ അധികാരമേറ്റ്‌ ആറുമാസത്തിനകം പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയെ സംബന്ധിച്ച്‌ ഒരു ധവളപത്രം ഇറക്കുമെന്നും മുന്‍സര്‍ക്കാരിന്റെ പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായ എല്ലാ ഉത്തരവുകളും പുനഃപരിശോധിക്കുമെന്നും പ്രകടനപത്രിക ഉറപ്പ്‌ വരുത്തുന്നു. കേരളത്തിന്റെ ഖനിജങ്ങള്‍ പൊതു ഉടമയിലാക്കുകയും ഖനനത്തിന്‌ സാമൂഹ്യനിയന്ത്രണം കൊണ്ടുവരുന്ന കാര്യവും വിഭാവനം ചെയ്യുന്നു.
സാമൂഹ്യനീതി ഉറപ്പ്‌ വരുത്തുന്നതിന്റെ ഭാഗമായി സ്‌ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉള്‍പ്പെടെ ഉറപ്പ്‌ വരുത്തുന്നതും ജെന്‍ഡര്‍ ബജറ്റ്‌ ഉള്‍പ്പെടെ അവതരിപ്പിക്കുന്ന കാര്യം ഇതിലുണ്ട്‌. സ്‌ത്രീ സൗഹൃദ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താനുള്ള കാര്യപരിപാടികളാണ്‌ ഇതില്‍ ഉള്‍ക്കൊള്ളുന്നത്‌. മത്സ്യതൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങള്‍ തുടങ്ങിയവരുടെ സാമൂഹ്യ പദവി ഉയര്‍ത്തുക എന്നതും പ്രധാനമായി ഇത്‌ കാണുന്നു.
പ്രവാസികളുടെ പുനരധിവാസം പ്രത്യേകമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. പ്രവാസി വികസന നിധി ആരംഭിക്കും. ഈ നിധിയില്‍ നടത്തുന്ന നിക്ഷേപം ഉപയോഗിച്ച്‌ ആരംഭിക്കുന്ന വ്യവസായ ശാലകളില്‍ പ്രവാസി തിരിച്ചുവരുമ്പോള്‍ യോഗ്യതയുണ്ടെങ്കില്‍ ജോലിക്ക്‌ അര്‍ഹതയുണ്ടാകും. വിമാനചാര്‍ജ്ജ്‌ വര്‍ദ്ധനവില്‍ ഉഴലുന്ന പ്രവാസികളെ രക്ഷിക്കാന്‍ കേരളത്തിന്റെ തനതായ വിമാനകമ്പനിയും പ്രകടനപത്രികയില്‍ വിഭാവനം ചെയ്യുന്നു. വിജിലന്‍സിനെ സ്വതന്ത്രപദവി നല്‍കുമെന്ന പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്‌.
അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തല്‍, കുടുംബശ്രീയുടെ വിഹിതം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കല്‍, പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന, ക്ഷേമപെന്‍ഷന്‍ തുടങ്ങി ആയിരത്തില്‍ തുടങ്ങി പിന്നീട്‌ ഘട്ടംഘട്ടമായി വര്‍ദ്ധിക്കുന്നത്‌. പാവപ്പെട്ടവര്‍ക്ക്‌ സൗജന്യ റേഷന്‍ തുടങ്ങിയിട്ടുള്ള നിരവധി പദ്ധതികളും ഇതിലുണ്ട്‌. ഓരോ മേഖലയിലും നടത്തുന്ന പരിഷ്‌കാരങ്ങളും അത്‌ സംബന്ധിച്ച കാഴ്‌ചപ്പാടും അടുത്ത പോസ്റ്റുകളില്‍ സവിശേഷമായി അവതരിപ്പിക്കുന്നതാണ്‌.
അധികാരമേല്‍ക്കുന്ന ഘട്ടത്തില്‍ തന്നെ പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന്‌ ഒരു പദ്ധതി തയ്യാറാക്കുകയും ഓരോ വര്‍ഷവും അത്‌ പരിശോധിച്ച്‌ ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത്‌ മുന്നോട്ട്‌ പോവുക എന്ന ജനാധിപത്യപരമായ രീതിയും പത്രിക വിഭാവനം ചെയ്യുന്നു. കേരള വികസനത്തിന്റെ കാര്യത്തില്‍ ചരിത്രപരമായ കാല്‍വെയ്‌പായിരിക്കില്ലേ ഈ പ്രകടനപത്രിക.
(എൽഡിഎഫ് പ്രകടനപത്രികയുടെ പൂർണ്ണ രൂപം ഈ ലിങ്കിൽ വായിക്കാം - http://goo.gl/oDnqoN)

Admin
എണ്ണായിരത്തിലധികം ഭൂരിപക്ഷത്തിന്റെ വിജയപ്രതീക്ഷയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ശ്രീരാമകൃഷ്ണൻ
തൃക്കാവിലെ വാടക വീട്ടിൽ നിന്നും 7 മണിക്ക് തുടങ്ങും ഇടത് സ്ഥാനാർത്ഥി ശ്രീരാമകൃഷ്ണന്റെ പ്രചരണ പരിപാടികൾ . പ്രധാനമായും വീടുകൾ സന്ദർശിച്ച് വ്യക്തികളെ നേരിൽ കണ്ട് വോട്ട് ചോദിക്കാനാണ് മൂന്നാം ഘട്ട പ്രചരണത്തിൽ ശ്രീരാമകൃഷ്ണൻ ശ്രദ്ധിക്കുന്നത് . ഓരോ വീടുകളിലും നേരിൽ ചെന്ന് വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് ചെയ്യുന്നത് .ചൂട് കനക്കും മുമ്പേ സ്വീകരണങ്ങൾ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട് .
വൈകുന്നേരം മൂന്ന് മണി മുതൽ 9 മണി വരെ നീളുന്ന കുടുംബയോഗങ്ങളാണ് ശ്രീരാമകൃഷ്ണന്റെ പ്രചരണ രീതി .പൊന്നാനി നഗരസഭയിൽ ഇതിനകം 30 ഓളം കുടുംബയോഗങ്ങൾ പൂർത്തിയാക്കി . നന്നംമുക്ക് പഞ്ചായത്തിലാണ് ഇപ്പോൾ ഇടത് സ്ഥാനാർത്ഥി കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നത് .രണ്ട് ദിവസം കൊണ്ട് 11 കുടുംബയോഗങ്ങളിൽ പങ്കെടുത്തു . ഓരോ കുടുംബയോഗങ്ങളിലും എത്തുന്ന സ്ത്രികൾ അടക്കമുള്ളവരുടെ ആൾക്കൂട്ടം വലിയ ആത്മവിശ്വാസമാണ് സി പി എമ്മിന് നൽകുന്നത് .
രാത്രി 9 മണിയോടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പൂർത്തിയാക്കുമെങ്കിലും എം എൽ എ എന്ന നിലക്കുള്ള ആവശ്യങ്ങൾക്കായി സമയം കാണേണ്ടതിനാൽ രാത്രിയിലെ വിശ്രമത്തിന് രാവെളുപ്പോളം കാത്തിരിക്കണം .മണ്ഡലത്തിൽ എവിടെ കറന്റ് പോയാലും എം എൽ എ യുടെ ഫോണിന് തിരക്ക് തന്നെ .. അതാണ് ജനകീയ എം എൽ എ യുടെ വിജയമെന്ന് ശ്രീരാമകൃഷ്ണൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു . 

പ്രചരണത്തിന്റെ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഓരോ വോട്ടർമാർക്കും സ്ഥാനാർത്ഥി തന്നെ നേരിട്ട് ഫോണിൽ വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട് . സ്ഥാനാർത്ഥിയുടെ വാടക വീട്ടിൽ നാട്ടുകാരനെപ്പോലെ ഇവിടുത്തെ സ്വന്തം ആളായി ശ്രീരാമകൃഷ്ണൻ ഉണ്ട് എന്നതാണ് നാട്ടുകാരുടെ ആശ്വാസം .
യു ഡി എഫിനെതിരെ ആഞ്ഞടിച്ച പ്രചരണ തന്ത്രം
യു ഡി എഫ് സർക്കാരിനെതിരെ പതിവിലും വിപരീതമായി ശക്തമായി കടന്നാക്രമിച്ചാണ് ശ്രീരാമകൃഷ്ണന്റെ പ്രചരണ തന്ത്രങ്ങൾ . കെ പി സി സി പ്രസിഡന്റ് തള്ളിപ്പറഞ്ഞ സർക്കാരിനെ ഒരിക്കലും അധികാരത്തിൽ വരാൻ അനുവദിക്കരുതെന്ന് ശ്രീരാമകൃഷ്ണൻ ഓർമിപ്പിക്കുന്നു . പ്രതിപക്ഷ എം എൽ എ ആയിട്ട് പോലും പൊന്നാനിയിൽ വൻ വികസനങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞതായും പുതിയ സാഹചര്യത്തിൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരുമെന്നും പൊന്നാനിക്ക് ഭരണപക്ഷ എം എൽ എ ലഭിക്കുന്നതോടെ വൻ വികസനങ്ങൾ ലഭിക്കുമെന്നും സ്ഥാനാർത്ഥി പറഞ്ഞ് വെക്കുന്നു .
ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞു എന്നതിൽ സംതൃപ്തിയുണ്ടെന്ന് ശ്രീരാമകൃഷ്ണൻ അവകാശപ്പെട്ടു ..
എതിർ സ്ഥാനാർത്ഥിയായ അജയ് മോഹന്റെ സംഘ് പരിവാർ ബന്ധം തന്നെയാണ് പ്രചരണങ്ങളിൽ തീപ്പൊരിയാകുന്നത് . ഇത്തവണ എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് ഇടത് ക്യാമ്പുകളുടെ വിശ്വാസം . ഇത് കേവലം ആത്മവിശ്വാസം മാത്രമല്ല ; യാഥാർത്ഥ്യമാകുന്ന കാര്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു . 
യു ഡി എഫിലെ അനൈക്യവും ശ്രീരാമകൃഷ്ണന്റെ ക്ലിൻ ഇമേജുമാണ് ഇടത് ക്യാമ്പുകളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നത് . എങ്കിലും വെൽഫെയർ പാർട്ടിയും ,പി ഡി പി യും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയതിലൂടെ ഉണ്ടാകുന്ന വോട്ട് ചോർച്ച ഇടതിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട് .
യു ഡി എഫ് സംവിധാനം മണ്ഡലത്തിൽ ഇനിയും ശക്തിപ്പെടാത്തതും താഴേത്തട്ടിൽ പ്രചരണം നടത്താൻ യു ഡി എഫിന് കഴിയാതെ പോകുന്നതും ഇടത് സ്ഥാനാർത്ഥിക്ക് ഗുണമാണ് ഉണ്ടാക്കുകയെന്ന് ശ്രീരാമകൃഷ്ണൻ പറയുന്നു ..

തയ്യാറാക്കിയത് .......

Faqrudheen Panthavoor.....
..

Admin
പൊന്നാനായെ വലത്തോട്ട് തിരിക്കാൻ വിശ്രമമില്ലാതെ അജയ് മോഹൻ ...
നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമൂഴത്തിനിറങ്ങുന്ന യു ഡി എഫ് സ്ഥാനാർത്ഥി പി ടി അജയ് മോഹൻ ഓരോ ദിവസവും വിശ്രമമില്ലാത്ത പ്രചരണത്തിലാണ് .തുടർച്ചയായി രണ്ട് തവണ ഇടതു മുന്നണിയെ ജയിപ്പിച്ച പൊന്നാനിയെ ഇത്തവണ കോൺഗ്രസിനൊപ്പം നിർത്താനാണ് അജയ് മോഹന്റെ കഠിന ശ്രമം .
രാവിലെ 6 മണിക്ക് എരമംഗലത്തെ വീട്ടിൽ നിന്ന് പ്രചരണത്തിനിറങ്ങുന്ന അജയ് മോഹൻ ബൂത്ത് തല കൺവെൻഷനുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത് . പ്രചരണത്തിന്റെ മൂന്നാം ഘട്ടത്തിൽ ആലങ്കോട് ,പെരുമ്പടപ്പ് പഞ്ചായത്തുകളിലെ ബൂത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കാനായി .
ഉച്ചക്ക് ഒന്നരക്ക് ഏതെങ്കിലും പ്രവർത്തകന്റെ വീട്ടിലെ അൽപ്പനേരത്തെ വിശ്രമം .ചൂടൊന്ന് കുറയാൻ കാത്ത് നിന്ന് 3 മണിക്ക് വീണ്ടും പ്രചരണം .ഇതിനിടയിൽ വോട്ടർമാരെ നേരിൽ ചെന്ന് കണ്ട് വോട്ട് ചോദിക്കാനും സമയം കണ്ടെത്തുന്നു .കളിസ്ഥലങ്ങളിലും കല്യാണത്തിനും മരണവീട്ടിലും ഓടിയെത്താൻ നാട്ടുകാരൻ കൂടിയായ സ്വന്തം സ്ഥാനാർത്ഥി സമയം കണ്ടെത്തുന്നു . കഴിഞ്ഞ ദിവസം എരമംഗലത്ത് ചേർന്ന കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ പ്രചരണങ്ങൾക്ക് വേനൽ ചൂടിനേക്കാൾ ചൂട് കൂടിയതായി അനുഭവം സാക്ഷ്യപ്പെടുത്തുന്നു . രാത്രി പത്ത് മണി വരെ നീളുന്ന പ്രചരണങ്ങൾക്ക് പുറമെ പുതു തലമുറയെ ആകർഷിക്കാൻ മൊബൈൽ ആപ്പ് സംവിധാനവും ഒരുക്കിയിട്ടുണ്ട് .വോട്ട് ചെയ്യേണ്ട സ്ഥലം ,ബൂത്ത് ,സ്ഥാനാർത്ഥിയെക്കുറിച്ചുള്ള വിവരങ്ങൾ ,ഭാവി പ്രതിക്ഷകൾ എല്ലാം വിരൽതുമ്പിൽ ഓടിയെത്തും .
വികസനമില്ലായ്മ ചൂണ്ടിക്കാട്ടി പ്രചരണം
കഴിഞ്ഞ 5 വർഷത്തിനിടയിൽ പൊന്നാനിയിൽ ഒരു വികസനവും കൊണ്ട് വരാൻ എം എൽ എ ക്ക് കഴിഞ്ഞില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് പ്രചരണത്തിൽ മുന്നേറുന്നത് . പാലൊളിക്കാലത്തെ വൻ വികസനങ്ങളെന്ന് കൊട്ടിഘോഷിച്ച ഫിഷിംഗ് ഹാർബർ ,ഫിഷർമെൻ കോളനി , ചമ്രവട്ടം ജലസംഭരണി എന്നിവയുടെ നിർമ്മാണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഇടത് പക്ഷത്തിന്റെ അവകാശവാദങ്ങളുടെ മുനയൊടിക്കുന്നത് . കഴിഞ്ഞ 5 വഷത്തിനിടയിൽ ഇക്കാര്യത്തിൽ എം എൽ എ ഒരക്ഷരം മിണ്ടിയില്ലെന്നും അജയ് മോഹൻ ആരോപിക്കുന്നു .
നാട് ഇളക്കി മറിച്ചുള്ള പ്രചരണമാണ് യു ഡി എഫ് നടത്തുന്നത് .അത് ഫലം കാണുമെന്ന് നേതൃത്വം വിശ്വസിക്കുന്നു . കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം പ്രചരണ രംഗത്ത് പ്രതിഫലിക്കില്ലെന്ന ഉറപ്പിലാണ് സ്ഥാനാർത്ഥി . എൽ ഡി എഫിനകത്തെ അസ്വസ്ഥതകൾ വോട്ടാക്കി മാറ്റാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് യു ഡി എഫ് .മുഴുവൻ യു ഡി എഫ് വോട്ടുകളും കൃത്യമായി യു ഡി എഫ് പെട്ടിയിലെത്തിക്കുകയെന്നത് പ്രധാന ദൗത്യമാണ് .പക്ഷെ ഇത് അത്ര എളുപ്പമല്ല എന്നതാണ് യാഥാർത്യം . സ്ഥാനമോഹികളായ പലരും ഇദ്ദേഹത്തിന്റെ തോൽവി ആഗ്രഹിക്കുന്നു എന്നത് ഒരു ദു:ഖ സത്യമാണ് .
വിജയിച്ചാൽ രണ്ട് ടേമിൽ പൊന്നാനിയിൽ അജയ് മോഹൻ തന്നെയായിരിക്കും .. അതൊഴിവാക്കാൻ തോൽവി മാത്രമാണ് പരിഹാരമെന്ന് ഇവർ വിശ്വസിക്കുന്നു .വീണ്ടുമൊരു തോൽവിയിലൂടെ അജയ് മോഹന്റെ പാർലമെന്ററി രാഷ്ട്രീയത്തിന് താൽക്കാലിക വിരാമമാകും .

ആലങ്കോട് , പെരുമ്പടപ്പ് ,വെളിയങ്കോട് പഞ്ചായത്തുകൾ ഭരിക്കുന്നത് യു ഡി എഫ് ആണ് .ഇവിടങ്ങളിൽ വ്യക്തമായ ലീഡ് ഉയർത്തിയാൽ അജയ്മോഹന് ജയം ഉറപ്പ് .നഗരസഭയിലെ ഇടത് മേൽക്കോയ്മ ഇല്ലാതാക്കാൻ ഈ ലീഡിന് കഴിയണം .
വെൽഫെയർ പാർട്ടിയുടെയും പി ഡി പി യുടെയും സാന്നിധ്യം യു ഡി എഫിന് അനുകൂലമാണ്

Admin