, എല്‍ഡിഎഫിന്റെ പ്രകടനപത്രിക വിഭാവനം ചെയ്യുന്നതെന്ത്‌ ?
എല്‍ഡിഎഫിന്റെ പ്രകടനപത്രിക വിഭാവനം ചെയ്യുന്നതെന്ത്‌ ?

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രിക  ഇടതുപക്ഷ ജനാധപിത്യ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രകാശനം ചെയ്യുകയുണ്ടായി. രാഷ്‌ട്രീയ സംഭവ ഗതികളുടെ പശ്ചാത്തലത്തില്‍ വികസന പ്രശ്‌നങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. വേണം നമുക്കൊരു പുതുകേരള മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം എന്ന കാഴ്‌ചപ്പാടാണ്‌ പ്രകടനപത്രികയുടേത്‌. 

അടുത്ത അഞ്ചുവര്‍ഷം കേരളത്തെ ജനതാല്‍പര്യത്തോടെ നയിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട്‌ എന്ന കാര്യം ഇത്‌ വ്യക്തമാക്കുന്നു. മതനിരപേക്ഷതയുടെ സംരക്ഷണം ഉറപ്പ്‌ വരുത്തികൊണ്ട്‌ വികസനം നടപ്പാക്കുമെന്നാണ്‌ പ്രകടനപത്രിക വ്യക്തമാക്കുന്നത്‌.
ഉല്‍പാദന മേഖലകളിലെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നതും പുതു തലമുറയ്‌ക്ക്‌ അവരുടെ വിദ്യാഭ്യാസ യോഗ്യതയ്‌ക്ക്‌ ഉതകുന്ന തൊഴില്‍ സൃഷ്‌ടിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്‌. അതിനായി വ്യവസായ തുറകളിലേക്ക്‌ തിരിയുന്നതിന്‌ ഉതകുന്ന സമീപനം രേഖ മുന്നോട്ട്‌ വെക്കുന്നു. ഐ.ടി പോലുള്ള വിജ്ഞാന അധിഷ്‌ഠിത വ്യവസായങ്ങള്‍, ടൂറിസം പോലുള്ള സേവന പ്രധാനമായ വ്യവസായങ്ങള്‍, ലൈറ്റ്‌ എഞ്ചിനീയറിംഗ്‌ പോലുള്ള വൈവിധ്യം ആവശ്യമാര്‍ന്ന വ്യവസായങ്ങള്‍, കേരളത്തില്‍ ലഭ്യമായ വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ തുടങ്ങിയവയില്‍ ഊന്നിക്കൊണ്ടുള്ള വളര്‍ച്ചയാണ്‌ ഇത്‌ ഉദ്ദേശിക്കുന്നത്‌. ഇതിലൂടെ 25 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്‌ടിക്കുന്നതിനുള്ള പദ്ധതി മുന്നോട്ട്‌ വെക്കുന്നു. പൊതുമേഖല സംരക്ഷിക്കുകയും അതിന്റെ ഉല്‍പാദനം 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള കാഴ്‌ചപ്പാട്‌ ഇതിലുണ്ട്‌.
പാവങ്ങളില്‍ പാവങ്ങള്‍ പണിയെടുക്കുന്ന മേഖലയാണ്‌ പരമ്പരാഗത വ്യവസായങ്ങള്‍. അവയെ സാമൂഹ്യസുരക്ഷാ സംവിധാനം എന്ന നിലയില്‍ കണ്ടുകൊണ്ട്‌ സംരക്ഷണവലയം തീര്‍ക്കുന്നതിനുള്ള പദ്ധതികളും പ്രകടനപത്രിക വിഭാവനം ചെയ്യുന്നു.
വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരണമെങ്കില്‍ ഭൗതിക പശ്ചാത്തല സൗകര്യം വര്‍ദ്ധിക്കേണ്ടതുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി, റോഡുകള്‍, റെയില്‍വേ സംവിധാനം, ജലഗതാഗതങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിനും ഇത്‌ ഊന്നല്‍ നല്‍കുന്നു.
കേരളത്തിന്റെ കാര്‍ഷികമേഖല മുന്നോട്ട്‌ കൊണ്ടുപോകുന്നതിന്‌ സര്‍ക്കാരിന്റെ നിക്ഷേപം വന്‍തോതില്‍ ഉയര്‍ത്തണം എന്നതാണ്‌ രേഖയിലെ കാഴ്‌ചപ്പാട്‌. കാര്‍ഷിക മേഖലയ്‌ക്ക്‌ സര്‍ക്കാര്‍ ചെലവ്‌ സംസ്ഥാന വരുമാനത്തിന്റെ 3-5 ശതമാനമാണ്‌. ഇത്‌ 10 ശതമാനത്തോളമായി ഉയര്‍ത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ജൈവ പച്ചക്കറിയുടെ വികസനത്തിലൂടെ സ്വയംപര്യപ്‌തത ഇത്‌ ലക്ഷ്യം വെക്കുന്നു. കാര്‍ഷിക വിളകള്‍ക്ക്‌ ആദായവില ഉറപ്പാക്കുന്നതിനും നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനും പ്രകടനപത്രിക ഊന്നല്‍ നല്‍കുന്നു. നെല്‍കൃഷിക്കാര്‍ക്കും പച്ചക്കറി കൃഷിക്കാര്‍ക്കും പലിശരഹിത വായ്‌പ ലഭ്യമാക്കുന്നതിനും ഇത്‌ ലക്ഷ്യം വെക്കുന്നു.
കര്‍ഷക തൊഴിലാളികള്‍ക്ക്‌ നിശ്ചിത ദിവസം തൊഴിലുറപ്പും ആരോഗ്യസംരക്ഷണവും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ട സഹായങ്ങളും പ്രകടനപത്രിക വിഭാവനം ചെയ്യുന്നു. ഹരിതസേന, ലേബര്‍ ബാങ്ക്‌, തുടങ്ങിയ കാഴ്‌ചപ്പാടുകളും പത്രികയിലുണ്ട്‌.
വിദ്യാഭ്യാസ മേഖലയില്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനാണ്‌ ഊന്നിയിട്ടുള്ളത്‌. 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്‌ ആക്കുകയും 1000 പൊതുവിദ്യാലയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക്‌ ഉയര്‍ത്തുകയും ഇതിന്റെ ലക്ഷ്യമാണ്‌. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്ററി വരെ മാതൃഭാഷാ പഠനം നടത്തുന്നതോടൊപ്പം ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ്‌ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നു. അണ്‍എയ്‌ഡഡ്‌ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമഗ്ര നിയമനിര്‍മ്മാണവും ലക്ഷ്യം വെക്കുന്നുണ്ട്‌. ഉന്നത വിദ്യാഭ്യാസത്തെ അറിവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന സമീപനവും ഇതിലെ പ്രധാന കാഴ്‌ചപ്പാടാണ്‌.
ആരോഗ്യരംഗത്ത്‌ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ചെലവ്‌ സംസ്ഥാന ഉല്‍പാദനത്തിന്റെ .6 ശതമാനമാണിപ്പോള്‍. അത്‌ 5 ശതമാനമായി ഉയര്‍ത്താനാണ്‌ ഉദ്ദേശം. ആരോഗ്യമേഖലയിലെ ഡോക്‌ടര്‍മാരുടെയും നേഴ്‌സുമാരുടെയും എണ്ണം ഇരട്ടിയായി മാറ്റും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുക എന്നത്‌ ഇതിലെ പ്രധാന ഊന്നലാണ്‌. മൂന്ന്‌ മെഡിക്കല്‍ കോളേജുകളെ എയിംസിന്റെ നിലവാരത്തിലേക്ക്‌ ഉയര്‍ത്താനും ലക്ഷ്യം വെക്കുന്നു. കേരളത്തില്‍ ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. 500 കോടി രൂപ മുതല്‍മുടക്കി ഏറ്റവും ആധുനികമായ ലബോറട്ടറിയും ഗവേഷണകേന്ദ്രവും ഈ രംഗത്ത്‌ കൊണ്ടുവരും. ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികള്‍ എല്ലാ പഞ്ചായത്തിലും സ്ഥാപിക്കുന്നതിനും ഹോമിയോപ്പൊതിയിലെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുക എന്നതും ഇതിലെ ലക്ഷ്യമാണ്‌.
ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താനും കോടതി ഭാഷ മലയാളമാക്കാനും ഇ-ഗവേണ്‍സ്‌ ഉള്‍പ്പെടെ മാതൃഭാഷയിലേക്ക്‌ കൊണ്ടുവരുമെന്നും ഇത്‌ ഉറപ്പ്‌ നല്‍കുന്നു. തൊഴില്‍ പരീക്ഷകള്‍, മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷകള്‍ എന്നിവ മലയാളത്തില്‍ എഴുതാനുള്ള അവസരവും ഇത്‌ വിഭാവനം ചെയ്യുന്നു.
കേരളത്തില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത നിയമനിരോധനം എടുത്ത്‌ മാറ്റല്‍, തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കുന്ന രീതി അവസാനിക്കല്‍ എന്നിവ ഇതിലുണ്ട്‌. ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകള്‍ 10 ദിവസത്തിനകം പി.എസ്‌.സിയെ അറിയിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്‌.
പരിസ്ഥിതി സൗഹൃദപരമായ കാഴ്‌ചപ്പാട്‌ മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌. സര്‍ക്കാര്‍ അധികാരമേറ്റ്‌ ആറുമാസത്തിനകം പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയെ സംബന്ധിച്ച്‌ ഒരു ധവളപത്രം ഇറക്കുമെന്നും മുന്‍സര്‍ക്കാരിന്റെ പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായ എല്ലാ ഉത്തരവുകളും പുനഃപരിശോധിക്കുമെന്നും പ്രകടനപത്രിക ഉറപ്പ്‌ വരുത്തുന്നു. കേരളത്തിന്റെ ഖനിജങ്ങള്‍ പൊതു ഉടമയിലാക്കുകയും ഖനനത്തിന്‌ സാമൂഹ്യനിയന്ത്രണം കൊണ്ടുവരുന്ന കാര്യവും വിഭാവനം ചെയ്യുന്നു.
സാമൂഹ്യനീതി ഉറപ്പ്‌ വരുത്തുന്നതിന്റെ ഭാഗമായി സ്‌ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉള്‍പ്പെടെ ഉറപ്പ്‌ വരുത്തുന്നതും ജെന്‍ഡര്‍ ബജറ്റ്‌ ഉള്‍പ്പെടെ അവതരിപ്പിക്കുന്ന കാര്യം ഇതിലുണ്ട്‌. സ്‌ത്രീ സൗഹൃദ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താനുള്ള കാര്യപരിപാടികളാണ്‌ ഇതില്‍ ഉള്‍ക്കൊള്ളുന്നത്‌. മത്സ്യതൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങള്‍ തുടങ്ങിയവരുടെ സാമൂഹ്യ പദവി ഉയര്‍ത്തുക എന്നതും പ്രധാനമായി ഇത്‌ കാണുന്നു.
പ്രവാസികളുടെ പുനരധിവാസം പ്രത്യേകമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. പ്രവാസി വികസന നിധി ആരംഭിക്കും. ഈ നിധിയില്‍ നടത്തുന്ന നിക്ഷേപം ഉപയോഗിച്ച്‌ ആരംഭിക്കുന്ന വ്യവസായ ശാലകളില്‍ പ്രവാസി തിരിച്ചുവരുമ്പോള്‍ യോഗ്യതയുണ്ടെങ്കില്‍ ജോലിക്ക്‌ അര്‍ഹതയുണ്ടാകും. വിമാനചാര്‍ജ്ജ്‌ വര്‍ദ്ധനവില്‍ ഉഴലുന്ന പ്രവാസികളെ രക്ഷിക്കാന്‍ കേരളത്തിന്റെ തനതായ വിമാനകമ്പനിയും പ്രകടനപത്രികയില്‍ വിഭാവനം ചെയ്യുന്നു. വിജിലന്‍സിനെ സ്വതന്ത്രപദവി നല്‍കുമെന്ന പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്‌.
അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തല്‍, കുടുംബശ്രീയുടെ വിഹിതം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കല്‍, പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന, ക്ഷേമപെന്‍ഷന്‍ തുടങ്ങി ആയിരത്തില്‍ തുടങ്ങി പിന്നീട്‌ ഘട്ടംഘട്ടമായി വര്‍ദ്ധിക്കുന്നത്‌. പാവപ്പെട്ടവര്‍ക്ക്‌ സൗജന്യ റേഷന്‍ തുടങ്ങിയിട്ടുള്ള നിരവധി പദ്ധതികളും ഇതിലുണ്ട്‌. ഓരോ മേഖലയിലും നടത്തുന്ന പരിഷ്‌കാരങ്ങളും അത്‌ സംബന്ധിച്ച കാഴ്‌ചപ്പാടും അടുത്ത പോസ്റ്റുകളില്‍ സവിശേഷമായി അവതരിപ്പിക്കുന്നതാണ്‌.
അധികാരമേല്‍ക്കുന്ന ഘട്ടത്തില്‍ തന്നെ പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന്‌ ഒരു പദ്ധതി തയ്യാറാക്കുകയും ഓരോ വര്‍ഷവും അത്‌ പരിശോധിച്ച്‌ ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത്‌ മുന്നോട്ട്‌ പോവുക എന്ന ജനാധിപത്യപരമായ രീതിയും പത്രിക വിഭാവനം ചെയ്യുന്നു. കേരള വികസനത്തിന്റെ കാര്യത്തില്‍ ചരിത്രപരമായ കാല്‍വെയ്‌പായിരിക്കില്ലേ ഈ പ്രകടനപത്രിക.
(എൽഡിഎഫ് പ്രകടനപത്രികയുടെ പൂർണ്ണ രൂപം ഈ ലിങ്കിൽ വായിക്കാം - http://goo.gl/oDnqoN)

Drop your opinion here !