, മണ്ഡലത്തിന്റെ വികസനമില്ലായ്മയെ തുറന്ന് കാണിച്ച് ഫത്താഹ് മാസ്റ്റർ ..
മണ്ഡലത്തിന്റെ വികസനമില്ലായ്മയെ തുറന്ന് കാണിച്ച് ഫത്താഹ് മാസ്റ്റർ ..

സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ അൽപ്പം വൈകിയെങ്കിലും പൊന്നാനി മണ്ഡലം എസ് ഡി പി ഐ സ്ഥാനാർത്ഥി ഫത്താഹ് മാസ്റ്റർ തികഞ്ഞ ആത്മവിശ്വാസത്തിലാണ് . ഇരു മുന്നണികളുടെയും അസംതൃപ്തരെ ലക്ഷ്യം വെച്ചുള്ള പ്രചരണ തന്ത്രങ്ങളാണ് എസ് ഡി പി ഐ നടത്തുന്നത് .മണ്ഡലത്തിൽ കാലങ്ങളായി നേരിടുന്ന വികസനമില്ലായ്മയും ,കൊണ്ട് വന്ന വികസനങ്ങളിലെ ക്രമക്കേടും അഴിമതിയും തുറന്ന് കാണിച്ചാണ് സ്ഥാനാർത്ഥിയുടെ പര്യടനം .
ഒന്നാം ഘട്ടത്തിൽ മണ്ഡലത്തിലെ മുക്കിലും മൂലയിലും വരെ ചെന്ന് വോട്ടർമാരുടെ അനുഗ്രഹം വാങ്ങിയാണ് ഫത്താഹ് മാസ്റ്റർ പ്രചരണങ്ങൾക്ക് തുടക്കമിട്ടത് . രണ്ടാം ഘട്ടത്തിൽ കുടുംബസംഗമങ്ങളും വനിതാ കൺവെൻഷനുകളും വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന രീതിയിലാണ് പ്രചരണം .ഇതിനകം പൊന്നാനി നഗരസഭ ,വെളിയങ്കോട് ,മാറഞ്ചേരി പഞ്ചായത്തുകളിൽ രണ്ടാം ഘട്ട പ്രചരണങ്ങൾ പൂർത്തിയാക്കാൻ ഫത്താഹ് മാസ്റ്റർക്ക് കഴിഞ്ഞു . 
ചമ്രവട്ടം ജലസംഭരണി നിർമ്മാണത്തിലെ വൻ ക്രമക്കേടും ,ഫിഷിംഗ് ഹാർബർ നിർമ്മാണത്തിലെ അഴിമതിയും ,കടൽഭിത്തി നിർമിക്കാതെ തീരവാസികളെ കബളിപ്പിച്ചതും ,താവളക്കുളത്തെ ചിർപ്പ് പാലം നിർമിക്കാത്തതും തുടങ്ങി മണ്ഡലത്തിലെ അടിസ്ഥാന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ് ഡി പി ഐ സ്ഥാനാർത്ഥി പ്രചരണം ശക്തമാക്കുന്നത് . സംസ്ഥാന രാഷ്ട്രിയത്തേക്കാൾ ഇവിടെ ചർച്ചയാകുന്നത് മണ്ഡലത്തിലെ വികസനമില്ലായ്മ തന്നെ .ഇരു മുന്നണികളും മാറി മാറി ഭരിച്ചിട്ടും പൊന്നാനി ഇനിയും അടിസ്ഥാന വികസനങ്ങൾ നേടിയില്ലെന്ന് സ്ഥാനാർത്ഥി അക്കമിട്ട് നിരത്തുന്നു . പുതിയ വോട്ടർമാരായ വിദ്യാർത്ഥികളോട് വികസന കാര്യത്തിൽ തുറന്ന സംവാദം നടത്താനും ഫത്താഹ് മാസ്റ്റർ സമയം കണ്ടെത്തുന്നു .
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന് പുറത്തുള്ള യഹിയ തങ്ങൾ മൽസരിച്ചപ്പോൾ എസ് ഡി പി ഐ ക്ക് 3250 വോട്ടുകൾ നേടാനായിരുന്നു .കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പൊന്നാനി അസ്സംബ്ലി മണ്ഡലത്തിൽ എസ് ഡി പി ഐ ക്ക് 5038 വോട്ട് നേടി നില മെച്ചപ്പെടുത്താൻ കഴിഞ്ഞിരുന്നു .ഇത്തവണ ഇതിന്റെ ഇരട്ടിയാക്കാനാണ് ലക്ഷ്യം . പൊന്നാനി മണ്ഡലത്തിൽ 42 ബ്രാഞ്ചുകൾ ഉള്ള എസ് ഡി പി ഐ യിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇരു മുന്നണികളിലെയും അസംതൃപ്തരുടെ വോട്ടുകൾ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളാണ് പയറ്റുന്നത് . ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം .
നഗരസഭയിൽ ഏറെ സുപരിചതനാണ് സ്ഥാനാർത്ഥിയായ ഫത്താഹ് മാസ്റ്റർ .മറ്റു പഞ്ചായത്തുകളിൽ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നത് വിജയകരമായി പൂർത്തിയാക്കാൻ കഴിഞാൽ കാര്യങ്ങൾ എളുപ്പമായി .
പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഇതിനകം എസ് ഡി പി ഐ സംസ്ഥാന നേതാവ് പി കെ ഉസ്മാൻ , ജില്ലാ നേതാക്കളായ സിജി ഉണ്ണി , മജീദ് എന്നിവരും എത്തിയിരുന്നു .പുതു തലമുറയെ അകർഷിപ്പിക്കാൻ സോഷ്യൽ മീഡിയ വഴിയും കനത്ത പ്രചരണമാണ് എസ് ഡി പി ഐ നടത്തുന്നത് . 
ഫത്താഹ് മാസ്റ്ററുടെ ശക്തമായ സാന്നിധ്യം യു ഡി എഫിൽ കാര്യമായ വോട്ട് ചോർച്ച ഉണ്ടാക്കുമെന്നാണ് എസ് ഡി പി ഐ അവകാശവാദം .നഗര സഭയിലെ യു ഡി എഫ് വോട്ട് ബാങ്കിൽ കനത്ത വിള്ളൽ വീഴ്‌ത്താൻ ഫത്താഹ് മാസ്റ്റർക്ക് നിഷ്പ്രയാസം സാധിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ .യു ഡി എഫ് ,എൽ ഡി എഫ് ക്യാമ്പുകളെ വിറപ്പിക്കാൻ ഇതിനകം എസ് ഡി പി ഐ പ്രചരണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് . കുടുംബയോഗങ്ങളിൽ ലഭിക്കുന്ന വൻ സ്വീകാര്യത ഇതാണ് സൂചിപ്പിക്കുന്നതെന്ന് പാർട്ടി നേതൃത്വം പറയുന്നു .
ഈ പാർട്ടി മുന്നോട്ട് വെക്കുന്ന ബദൽ രാഷ്ട്രീയം മനോഹരമെങ്കിലും ''തീവ്രവാദം " എന്ന അധികകുപ്പായം അതിന്റെ സാധ്യതകളെ വലിയൊരളവിൽ ഇല്ലാതാക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത് .
Faqrudheen Panthavoor

Drop your opinion here !