, പൊന്നാനിയിൽ അടിയൊഴുക്കുകൾ ഫലം നിർണ്ണയിക്കും
പൊന്നാനിയിൽ അടിയൊഴുക്കുകൾ ഫലം നിർണ്ണയിക്കും


റിപ്പോർട്ട്‌ : ഫക്രുദീൻ പന്താവൂർ 
പൊന്നാനി : കഴിഞ്ഞ തവണത്തേതിൽ നിന്ന് ഭിന്നമായി പൊന്നാനി മണ്ഡലത്തിൽ ഇത്തവണ പ്രവചിക്കാൻ കഴിയാത്ത തീ പാറും പോരാട്ടമാണ് നടക്കുന്നത് .ഇരുമുന്നണികളും പ്രചരണത്തിൽ ഒപ്പത്തിനൊപ്പമാണ് .കണക്കുകൂട്ടലുകൾക്കും അപ്പുറത്തെ അടിയൊഴുക്കുകളാകും ഇത്തവണ പൊന്നാനിയുടെ ജയപരാജയങ്ങളെ നിർണ്ണയിക്കുക .
1,90 703 വോട്ടർമാരുള്ള പൊന്നാനിയിൽ പതിനൊന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. യു.ഡി എഫ് ,എൽ ഡി എഫ്, വെൽഫയർ പാർട്ടി ,ബിജെപി ,പി ഡി പി സ്ഥാനാർത്ഥികൾക്ക് പുറമെ അഞ്ച് സ്വതന്ത്രന്മാരും മത്സരരംഗത്തുണ്ട് .
പൊന്നാനി മണ്ഡലത്തിൽ 99808 സ്ത്രീ വോട്ടർമാരും ,908 98 പുരുഷ വോട്ടർമാരുമാണുമുള്ളത്. ഇതിൽ 24000 പേർ പുതിയ വോട്ടർമാരാണ് .പുതിയ വോട്ടർമാരുടെ വോട്ടുകളാകും ഇത്തവണ പൊന്നാനിയുടെ ഗതി നിയന്ത്രിക്കുക .
ഇടത് മുന്നണി ഇത്തവണ ഹാട്രിക് വിജയം നേടുമെന്ന പ്രതീക്ഷയിലാണ് .എണ്ണായിരത്തിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് പറയുന്നുണ്ടെങ്കിലും വിജയത്തിന്റെ കാര്യത്തിൽ ആശങ്കയിലാണന്നതാണ് യാഥാർത്ഥ്യം .യു ഡി എഫിന്റെ പതിവിലും കവിഞ്ഞ പ്രചരണ പരിപാടികളാണ് എൽ ഡി എഫിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂടെ ഉണ്ടായിരുന്ന പി ഡി പി യും വെൽഫെയർ പാർട്ടിയും തനിച്ച് മൽസരിക്കുന്നതും ഇടത് സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട് . കഴിഞ്ഞ തദ്ധേശ തെരഞ്ഞെടുപ്പിൽ എണ്ണായിരം വോട്ടിന്റെ ലീഡ് പൊന്നാനി മണ്ഡലത്തിൽ നേടാൻ കഴിഞ്ഞൊരു ആത്മവിശ്വാസം ഇടത് ക്യാംപിലുണ്ട് . പ്രചരണത്തിലെ ആൾക്കൂട്ടങ്ങൾ വോട്ടായി മാറില്ല എന്ന തിരിച്ചറിവ് ഇരു മുന്നണികൾക്കും സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല . ഇടത് ക്യാംപിലെ ഈ അസ്വസ്ഥത തന്നെയാണ് ചിലയിടങ്ങളിൽ നേരിയ സംഘർഷങ്ങളും ഉണ്ടാക്കുന്നത് .അഴീക്കലിലും വെളിയങ്കോട് പത്തു മുറിയിലും സി പി എം പ്രവർത്തകരും ലീഗ് പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത് .പ്രചരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ എൽ ഡി എഫിന്റെ ഫ്ളക്സ് ബോർഡുകൾ പലയിടങ്ങളിലും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു .
യു ഡി എഫ് ഇത്തവണ പൊന്നാനി തിരിച്ച് പിടിക്കാനുള്ള വാശിയിലാണ് .താഴെതട്ടിൽവരെ പ്രചരണങ്ങൾ ശക്തമാക്കിയാണ് യു ഡി എഫിന്റെ പ്രചരണ രീതി .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോരിൽ മാറി നിന്നവർ പോലും ഇത്തവണ പ്രചരണത്തിൽ സജീവമായി രംഗത്തുണ്ട് . അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലാണ് പൊന്നാനിയിലെ വിജയ മാർജിൻ.ഇത് മറികടക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് യു ഡി എഫിന്റെ കണക്ക് കൂട്ടൽ .
പതിവിന് വിപരീതമായി തീരപ്രദേശങ്ങളിൽ കനത്ത പ്രചരണമാണ് യു ഡി എഫ് കാഴ്ചവെക്കുന്നത് .ബി ജെ പി - എസ് എൻ ഡി പി സഖ്യം ഇടത് വോട്ടുകളിൽ വിള്ളലുകൾ ഉണ്ടാക്കും എന്നാണ് യു സി എഫ് വിലയിരുത്തൽ .
കഴിഞ്ഞ തവണ 4000 വോട്ടുകൾക്കാണ് ഇടത് സ്ഥാനാർത്ഥി പി ശ്രീരാമകൃഷ്ണൻ വിജയിച്ചത് .രാഷ്ട്രിയത്തിനതീതമായി പി ശ്രീരാമകൃഷ്ണൻ പിടിക്കുന്ന വോട്ടുകളാണ് നിർണ്ണായമാവുക എന്ന് ഇടത് ക്യാംപ് അംഗങ്ങൾ തന്നെ പറയുന്നു .
ബി ജെ പി - എസ് എൻ ഡി പി സഖ്യം ശക്തമായ പ്രചരണങ്ങളിൽ .ഈ മുന്നണി പിടിക്കുന്ന വോട്ടിൽ ഇരു മുന്നണികളും ആശങ്കയിലാണ് .
കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക് ശക്തമല്ലെങ്കിലും മണ്ഡലത്തിൽ പൊന്നാനി നഗരസഭയിലൊഴിച്ച് യു ഡി എഫ് സംവിധാനം ശക്തമല്ല . മുസ്ലിം ലീഗ് ഇനിയും താഴെത്തട്ടിലുള്ള പ്രചരണങ്ങൾക്ക് ഇറങ്ങിയിട്ടില്ല . ആലംകോട് ,വെളിയംകോട് ,പെരുമ്പടപ്പ് പഞ്ചായത്തുകളിൽ ശക്തമായ ലീഡ് നില നിർത്തിയാൽ മാത്രമെ യു ഡി എഫിന്ന് വിജയ സാധ്യത ലഭിക്കൂ .. നന്നംമുക്ക് പഞ്ചായത്തിൽ യു ഡി എഫ് ബന്ധം കനത്ത വിള്ളലിലാണ് . ഇതെല്ലാം വോട്ട് ചോർച്ച ഉണ്ടാക്കുമോ എന്ന് പ്രവചിക്കാനാവില്ല .
എൽ ഡി എഫിനും കാര്യങ്ങൾ എളുപ്പമല്ല .മാറഞ്ചേരി പഞ്ചായത്തിൽ നേരത്തേ ഉണ്ടായ സി പി എമ്മിലെ വിഭാഗിയതയും സി പി ഐ ചിലയിടങ്ങളിൽ ഇടഞ്ഞ് നിൽക്കുന്നതും സി പി എമ്മിന് തലവേദനയായിട്ടുണ്ട് .
ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം ലക്ഷ്യം വെച്ചാണ് ബി ജെ പി സ്ഥാനാർത്ഥി കെ കെ സുരേന്ദ്രന്റെ പ്രചരണ പ്രവർത്തനങ്ങൾ . കഴിഞ്ഞ തദ്ധേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടാക്കായ മുന്നേറ്റം ബി ജെ പി ക്ക് കരുത്ത് പകരുന്നുണ്ട് . വോട്ടിങ്ങ് നില മുപ്പതിനായിരത്തിലെത്തിക്കാ മെന്നാണ് പ്രതീക്ഷ .
വെൽഫയർ പാർട്ടി സ്വന്തം സ്ഥാനാർത്ഥിയായി എം എം ശിക്കാറിനെയാണ് നിർത്തിയിട്ടുള്ളത് .വേറിട്ട പ്രചരണ ശൈലിയാണ് വെൽഫെയർ പാർട്ടി അവലംബിക്കുന്നത് .ഇടത് പക്ഷത്തിന്റെ വോട്ടിങ്ങ് ചോർച്ച ഇതോടെ ശക്തമാകും .
1996 ന് ശേഷം ഇതാദ്യമായാണ് പി ഡി പി നിയമസഭയിലേക്ക് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നത് .. കഴിഞ്ഞ മാസങ്ങളിൽ വിവിധ പാർട്ടികളിൽ നിന്ന് നിരവധി പേർ പി ഡി പിയിലേക്കെത്തിയത് പാർട്ടിയുടെ സ്വാധീനം വർധിപ്പിച്ചതായാണ് വിലയിരുത്തൽ .
ആർക്കും പിടികൊടുക്കാത്ത പൊന്നാനി കഴിഞ്ഞ രണ്ട് തവണ ജയിപ്പിച്ചത് ഇടതിനെയാണ് .ആദ്യം പാലൊളി ,പിന്നീട് ശ്രീരാമകൃഷ്ണൻ .ഇനിയിതാ രണ്ടാമൂഴത്തിൽ വീണ്ടും ശ്രീരാമകൃഷ്ണൻ തന്നെ .. ഹാട്രിക് നേടിയാൽ പൊന്നാനി ഇടത് മണ്ഡലമായും . ഇപ്പോൾ മണ്ഡലം തിരിച്ചു പിടിക്കാൻ യു ഡി എഫിന് കഴിഞ്ഞില്ലെങ്കിൽ അടുത്ത കാലത്തൊന്നും അതിനായി കാത്തിരിക്കേണ്ടിവരില്ല .
2011 ലെ തെരഞ്ഞെടുപ്പിൽ 4101 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി പി ശ്രീരാമകൃഷ്ണൻ വിജയിച്ചതെങ്കിലും തുടർന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ,തദ്ധേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും പൊന്നാനിയിലെ ഇടത് ഭൂരിപക്ഷം എണ്ണായിരത്തിന് മേലേയാണ്. ഈയൊരു മാർജിനാണ് യു ഡി എഫ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ കടമ്പയായി മുന്നിൽ വെക്കുന്നത് .
2011 ലെ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്ഥമായി നിരവധി അനുകൂല സാഹചര്യങ്ങൾ ഇരു മുന്നണികളും ഇത്തവണ കണക്ക് കൂട്ടുന്നുണ്ട് . കഴിഞ്ഞ 5 വർഷത്തിനിടെ പി ശ്രീരാമകൃഷ്ണൻ സാധ്യമാക്കിയ ജനകീയതയാണ് എൽ ഡി എഫ് അനുകൂല ഘടകമായി കാണുന്ന പ്രധാന കാര്യം . ഗ്രൂപ്പ് രാഷ്ട്രീയത്തിലെ അതിപ്രസരം പരിധി വിട്ടില്ലെന്ന പ്രത്യാശയാണ് യു ഡി എഫ് കേന്ദ്രങ്ങൾക്ക് നൽകുന്ന പ്രതീക്ഷ . കഴിഞ്ഞ തവണ ഇടതിന് പിന്തുണ നൽകിയവർ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി മൽസരിക്കുന്നതും യു ഡി എഫിന്റെ കണക്കുകൂട്ടലുകളെ ബലപ്പെടുത്തുന്നു .

Drop your opinion here !