, കൊങ്കണ്‍ റയിൽവേ -ലോകം നമിച്ച എഞ്ചിനിയറിംഗ് വിസ്മയം .....!!
കൊങ്കണ്‍ റയിൽവേ -ലോകം നമിച്ച എഞ്ചിനിയറിംഗ് വിസ്മയം .....!!


ഓരോ പ്രാവശ്യവും പുഴയിൽ മുങ്ങിനിവരുമ്പൊഴും ,അത് പുതിയ ജലത്തിലാണ് എന്ന പോലെ ,ഈ വഴിക്കുള്ള ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ്. അത്രയേറെ വിസ്മയങ്ങൾ ഒളിപ്പിച്ച ഒരു അത്ഭുത പ്രദേശമാണ് കൊങ്കണ്‍ തീരവും,അതിലൂടെ കടന്നുപോകുന്ന തീവണ്ടിപ്പാതയും ....
ഭാരതത്തിൽ ,റയിൽവേ വിപ്ലവങ്ങൾ തുടങ്ങിയ പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ ബ്രിട്ടീഷുകാർ, കൊങ്കണ്‍ തീരത്ത് കൂടിയുള്ള പാതക്ക് ശ്രമിച്ചിരുന്നു. മംഗലാപുരം, ബോംബെ എന്നീ തുറമുഖ നഗരങ്ങൾ, കൊങ്കണ്‍ തീരത്തെ ഫലഭൂയിഷ്ഠമായ മണ്ണിലെ അനന്തമായ വിഭവശേഷി എന്നിവയുടെ പൂര്ണ പ്രയോജനം ലഭിക്കണമെങ്കിൽ,ഇങ്ങിനൊരു പാത കൂടിയേ കഴിയൂ എന്ന് അറിയാമായിരുന്ന ബ്രിട്ടീഷ് ഭരണകൂടം,പക്ഷെ സർവേ ഘട്ടത്തിൽ തന്നെ പദ്ധതി ഉപേക്ഷിച്ചു....അതീവ ദുർഗമമായ മലനിരകളും, വൻ നദികളും, തീരപ്രദേശങ്ങളും ,പ്രവചനാതീതമായ പ്രകൃതിയും എല്ലാം ഒരു വൻ പദ്ധതിക്ക് ഭീഷണിയായി നിന്നു .... മൂന്നാറിലും, ഊട്ടിയിലെ നീലഗിരിയിലുമൊക്കെ തീവണ്ടിയോടിച്ച, ചെങ്കടലിനെയും മെടിറ്ററെനിയനെയും ബന്ധിപ്പിച്ച് സൂയസ് കനാൽ വെട്ടിയ എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തിനു മുൻപിൽ കൊങ്കണ്‍ തീരം മാത്രം ഒരു വെല്ലുവിളിയായി നിന്നു .....

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെയും സർകാരുകൾ, ഇങ്ങിനൊരു പദ്ധതിക്ക് വലിയ പ്രാധാന്യം കൊടുത്തില്ല. കാരണം മേല്പറഞ്ഞതൊക്കെത്തന്നെ. 1960 കളുടെ അവസാനം, എഴുപതുകളുടെ ആരംഭത്തിൽ, കൊങ്കണ്‍ തീരത്ത് കൂടി NH -17 യാഥാർത്യമായി. അതോടെ മംഗലാപുരവും ബോംബെയും തമ്മിൽ റോഡ്‌ ഗതാഗതം സാധ്യമായി. പക്ഷെ റയിൽവേയിൽ കൈവേക്കാനുള്ള ധൈര്യം ആർക്കുമുണ്ടായില്ല. 1977-79 കാലത്ത് റയിൽവേ മന്ത്രിയായിരുന്ന മധു ദന്തവതെ, പദ്ധതി പൊടിതട്ടിയെടുത്തു. അങ്ങിനെ, മുംബയിൽ നിന്നും പനവേൽ വരയും, തുടർന്ന് റോഹ വരയും പാത എത്തി..... അവിടുന്നങ്ങോട്ട് പദ്ധതി വീണ്ടും റെയിൽവെ ഭവനിലെ ഫയലുകൾക്കുള്ളിൽ കിടന്ന് വീർപ്പുമുട്ടി. ഇരുപത്തൊന്നാം നൂടാണ്ടിലെക്ക് ഭാരതത്തെ നയിക്കാനുള്ള ദൗത്യം സ്വയം എറ്റെടുത്ത് വന്ന രാജീവ് ഗാന്ധിപോലും ,ഈ പദ്ധതിയിലേക്ക് പിന്നീട് തിരിഞ്ഞ് നോക്കിയില്ല ...

അങ്ങിനെ ,1989 ഡിസംബറിൽ വി.പി .സിംഗ് പ്രധാനമന്ത്രിയായി ,ഐക്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നു. റയിൽവേ മന്ത്രിയായ ജോർജ് ഫെർണാണ്ടസ്, ആദ്യമെടുത്ത തീരുമാനം ഈ പദ്ധതി നടപ്പാക്കാനായിരുന്നു. ഭീമമായ മുതൽ മുടക്ക്,കാലതാമസം, അതിഭീകരമായ സാങ്കേതിക വെല്ലുവിളികൾ ഇതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. ഏത് മരുത്വാമലയും കൈയ്യിലെന്താൻ കഴിയുന്ന, ഹനുമൽ സമാനനായ ഒരു അതികായാൻ, ഈ ചരിത്രനിയോഗം തോളിലേന്താൻ കാത്തിരിപ്പുണ്ടായിരുന്നു ....
ഇ .ശ്രീധരൻ ....

ഇന്ന് ഭാരതം ,എറ്റവും അത്ഭുതാദരങ്ങളോടെ മാത്രം പറയുന്ന ഒരു പേര്. 1956 ൽ കാകിനദ എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനിയരിംഗിൽ ബിരുദമെടുത്ത് 1962ൽ റെയിൽവേയിൽ ഒരു സാധാരണ എഞ്ചിനിയറായി കയറുമ്പോൾ, ഈ പൊന്നാനിക്കാരനെ കാത്ത് ഒരു മഹാരാജ്യത്തിന്റെ ചില ഭാഗധേയങ്ങൾ ഉണ്ടന്ന് ആരും പ്രതീക്ഷിച്ചില്ല.1964 ൽ തമിഴ് നാടിനെയും രാമെശ്വരത്തെയും നിലംപരിശാക്കിയ ചുഴലിക്കൊടുങ്കാറ്റിൽ, രാമെശ്വരത്തെക്കുള്ള പാമ്പൻ പാലം പൂർണമായി തകർന്നു... ഒരു തീവണ്ടിയടക്കം ഒലിച്ച് പോയി... ആ പാലം ആറുമാസം കൊണ്ട് പൂർവസ്ഥിതിയിലാക്കാനുള്ള ചുമതല, യുവാവായ ശ്രീധരനിൽ വന്നു ചേർന്നു. തകർന്നെങ്കിലും, കേടുപറ്റാതെ മുങ്ങിക്കിടന്ന പില്ലറുകൾ,മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വീണ്ടെടുത്ത് പാലം പുനർനിർമിച്ചത് 45 ദിവസം കൊണ്ട്... മാലോകർ വാപൊളിച്ച് നിന്ന ആ മഹാദൗത്യം, ഇന്നും രാമേശ്വരത്ത് തലയുയർത്തി നിൽക്കുന്നു... പിന്നീട്, കൊൽകത്ത മെട്രോ നിർമാണത്തിന്റെയും ചുമതല അദ്ദേഹം കൃത്യസമയത്ത് പൂർത്തിയാക്കി.... അതുകൊണ്ട് തന്നെ, അദ്ദേഹത്തെ തന്നെ കൊങ്കണ്‍ പദ്ധതി ഏല്പിക്കാൻ ജോർജ് ഫെർണാണ്ടാസ്സിനു രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു....
സാധാരണ രീതിയിൽ നടപ്പാക്കിയാൽ, അൻപത് കൊല്ലം കൊണ്ട് പോലും പൂർതിയാകില്ല എന്നുറപ്പുള്ള പദ്ധതിക്ക് വേണ്ടി, റയിൽവേ മന്ത്രാലയത്തിൽ നിന്ന് മാറി കൊങ്കണ്‍ റയിൽവേ കോർപറേഷൻ രൂപീകരിച്ചു.ബോണ്ടുകളും, കടപ്പത്രങ്ങളുമിറക്കി വൻ തോതിൽ ധനസമാഹരണം ആരംഭിച്ചു. 736 കിലൊമീറ്റർ നീളമുള്ള പദ്ധതിയുടെ നിർമാണം 1990 ആരംഭിച്ചു... എട്ട് വർഷമായിരുന്നു കാലാവധി...

ഏത് പദ്ധതി വന്നാലും, പരിസ്ഥിതി വാദവും, കപട മാനുഷികതാ വാദവുമായി വരുന്ന കൂട്ടർ ഇവിടയുമുണ്ടായിരുന്നു. ഗോവയിലും കർണാടകയിലും, ബസ് ലോബിയുടെ സ്പോണ്‍സർഷിപ്പോടെ കത്തോലിക്ക സഭയായിരുന്നു പ്രക്ഷോഭത്തിന്റെ ചുക്കാൻ പിടിച്ചത്... കാര്യങ്ങൾ മുൻകൂട്ടി കണ്ട ശ്രീധരൻ, അതെല്ലാം മുളയിലെ നുള്ളി. മുൻകൂറായി നഷ്ടപരിഹാരം കൊടുത്ത് കൊണ്ട് സ്ഥലമെറ്റെടുക്കൽ വേഗത്തിലാക്കി.....
1500 ലധികം പാലങ്ങൾ, നൂറോളം വൻ തുരങ്കങ്ങൾ, മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വൻ വയടക്ടുകൾ... അങ്ങിനെ, മൂന്ന് ഷിഫ്റ്റുകലിലായി പണി തകർത്ത് മുന്നേറി. ഒട്ടു മിക്ക സ്ഥലങ്ങളിലും ഗതാഗത സൗകര്യം പോലുമില്ലായിരുന്നു

Drop your opinion here !