കൊല്‍ക്കത്ത: ടാക്സി ഡ്രൈവറായ ആ 52കാരന്‍ ഒരു തുകല്‍ ബാഗുമായാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ബാഗ് തുറന്നുപരിശോധിച്ച പൊലീസ് ഓഫീസര്‍ കണ്ടത് 500ന്‍റെയും 1000ന്‍റെയും കുറേ നോട്ടുകള്‍. ബാഗില്‍ പണമാണെന്ന് അറിഞ്ഞുതന്നെയാണ് സ്റ്റേഷനിലെത്തിയതെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ആ മനുഷ്യന്‍റെ സത്യസന്ധതയെ പൊലീസുകാര്‍ അകമഴിഞ്ഞ് അഭിനന്ദിച്ചു.
കൊല്‍ക്കത്തയിലാണ് സംഭവം. ബിദേശ്വര്‍ സോ എന്നാണ് സത്യസന്ധനായ ആ ഡ്രൈവറുടെ പേര്.
ഹൌറ സ്റ്റേഷനില്‍ ഒരു യാത്രക്കാരനെ വിട്ട് മടങ്ങുമ്പോഴാണ് വിദ്യാസാഗര്‍ സേതുവില്‍ നിന്ന് ഒരാള്‍ ടാക്സിക്കായി വിളിച്ചത്. രാജബസാറിലേക്കാണ് അയാള്‍ക്ക് പോവേണ്ടിയിരുന്നത്. രാജബസാറിലിറങ്ങി കൂലിയും നല്‍കി യാത്രക്കാരന്‍ പോയി. പിന്നീട് തിരിഞ്ഞുനോക്കിയപ്പോഴാണ് ഒരു കറുത്ത തുകല്‍ ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാരന്‍ തിരികെ വരുമെന്ന് പ്രതീക്ഷിച്ച് 10 മിനിട്ട് കാത്തുനിന്നു. കാണാതായതോടെ അവിടെ നിന്നും മടങ്ങി.
വൈകുന്നേരം വരെ ബാഗ് തുറന്നുനോക്കിയില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബാഗ് തുറന്നുനോക്കി. അതില്‍ കുറേ നോട്ടുകള്‍ കണ്ടതോടെ സമയം കളയാതെ പൊലീസ് സ്റ്റേഷനിലെത്തി. ഇതിനകം തന്നെ ബാഗ് കാണാതായെന്ന് യാത്രക്കാരന്‍ പരാതി നല്‍കിയിരുന്നു. ബിദേശ്വറിന്‍റെ സാന്നിധ്യത്തില്‍ തന്നെ യാത്രക്കാരനെ വിളിച്ച് പൊലീസ് ബാഗ് കൈമാറി.