ജക്കാർത്ത∙ ഇന്തൊനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ സ്ഫോടന പരമ്പരയും വെടിവയ്പ്പും. ആറു സ്ഥലത്തു സ്ഫോടനം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറു പേർ കൊല്ലപ്പെട്ടെന്നും വെടിവയ്പ്പു തുടരുകയാണെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയരുമെന്നാണ് വിലയിരുത്തൽ.
അക്രമിസംഘത്തിൽ 10– 14 പേർ വരെ ഉണ്ടെന്ന് ഇന്തൊനീഷ്യൻ പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായാണ് സൂചന. പ്രസിഡന്റിന്റെ കൊട്ടാരം, ഐക്യരാഷ്ട്രസംഘടനാ ഓഫിസ് എന്നിവയ്ക്കു സമീപമുള്ള ജംഗ്ഷനിലാണ് സ്ഫോടനങ്ങൾ നടന്നത്. സ്ഥലത്തുനിന്നു ജനങ്ങളെ ഒഴിപ്പിച്ചു. തുർക്കി, പാക്കിസ്ഥാൻ എംബസികൾക്ക് സമീപവും സ്ഫോടനം ഉണ്ടായി. ഇന്തോനീഷ്യയുടെ സെൻട്രൽ ബാങ്കും ഈ മേഖലയിലാണ്.
ഒരു സ്ഫോടനം നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളായ സറീനാ മാളിനു മുൻപിലാണ് നടന്നത്. സ്ഫോടനം നടക്കുന്നതിന് മുൻപ് ഐഎസിന്റെ ഭീഷണി സന്ദേശം വന്നിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരു കഫേയിൽ മൂന്നു ചാവേറുകൾ പൊട്ടിത്തെറിച്ചുവെന്നും ചില വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.