■ബാറുകൾ പൂട്ടുന്നതിനുമുൻപ് കേരളത്തിലെ ഒരു ഗ്രാമത്തിലെ നടക്കുന്ന കഥയാണിത്. പാമ്പ് ജോയ് എന്ന യുവാവടങ്ങുന്ന ഒരു കൂട്ടം മുഴുക്കുടിയന്മാരുടെ കഥയാണ് ഈ ചിത്രം. ജീവിതത്തെ ലാഘവത്തോടുകൂടി വീക്ഷിച്ചിരുന്ന പാമ്പ് ജോയ് നേരിടേണ്ടിവന്ന സംഭവവങ്ങളെ ആസ്പദമാക്കി ചിത്രം മുൻപോട്ടുപോകുന്നു.
■ഇപ്പോഴത്തെ യുവനടന്മാരിൽ, ഏറ്റവും വിശ്വസിക്കാവുന്ന, നല്ല തിരഞ്ഞെടുപ്പുകളുള്ള, അഭിനേതാക്കളിലൊരാളായ പൃഥ്വിരാജ്, നായക കഥാപാത്രമായ പാമ്പ് ജോയ് എന്ന പൂർണ്ണമദ്യപാനിയായ യുവാവിന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നു.
■പാവാടയുടെ പോസ്റ്ററുകളിലെ, പൃഥ്വിരാജിന്റെ വ്യത്യസ്ത ഭാവപ്രകടനങ്ങൾ കാണുമ്പോൾ, 'താന്തോന്നി' കണ്ടവർക്ക് നിസ്സംശയമായും തോന്നിയേക്കാം, മദ്യപാനിയുടെ വേഷം ചെയ്ത് അദ്ദേഹം ഓവറാക്കുമോ എന്ന്..! എന്നാൽ, പൃഥ്വിരാജ് നന്നായിത്തന്നെ തന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നു.
■പാമ്പ് ജോയിയുടെ ഭാര്യയായ സിനിമോൾ എന്ന നഴ്സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മിയ ജോർജ്ജ്.
■'ഗിരിരാജൻ കോഴി'യായി നമ്മെ ചിരിപ്പിച്ച ഷറഫുദ്ദീൻ, ഈ ചിത്രത്തിൽ നായകന്റെ സഹചാരിയായി വേഷമിട്ടു. ശരാശരി പ്രകടനം മാത്രമായിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവുകൂടിയായ മണിയൻ പിള്ള രാജു, ഗുണശേഖരൻ എന്ന, മദ്യപാനിയായ വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ചു.
■അനൂപ് മേനോൻ ഈ ചിത്രത്തിൽ ബാബു എന്ന മുഴുക്കുടിയനായ അധ്യാപകനായി വേഷമിട്ടു. അദ്ദേഹത്തിന്റെ വീട്ടിലെ മേൽനോട്ടക്കാരനായ പിള്ളയച്ചൻ എന്ന രസികനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നെടുമുടിവേണു.
■വാണിജ്യസിനിമകളിലെ അവിഭാജ്യഘടകമായ ചെമ്പൻ വിനോദ് ഈ ചിത്രത്തിൽ, 'കാട്ടിൽപ്പറമ്പൻ' എന്ന വേഷം ചെയ്യുന്നു.
■എൽദോ കുന്നന്താനം എന്ന ദുരൂഹത നിറഞ്ഞ കഥാപാത്രമായി കലാഭവൻ ഷാജോണും, സിസിലി എന്ന കഥാപാത്രമായി ആശാ ശരത്തും, ചന്ദ്രമോഹൻ എന്ന സംവിധായകനായി മുരളീ ഗോപിയും വേഷമിട്ടു.
■പോൾ സക്കറിയ എന്ന പ്രോഗ്രാം അവതാരകനെ അവതരിപ്പിക്കുന്നത് രഞ്‌ജി പണിക്കർ.
■അയ്യർ എന്ന അതിസമർത്ഥനായ വക്കീലായി സിദ്ധിഖ് വേഷമിട്ടു. പതിവുപോലെ, ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും, അദ്ദേഹം തന്നെയായിരുന്നു.
■ബാർ മാനേജറായി കുഞ്ചനും, സുരേഷ് എന്ന പോലീസ് ഉദ്യോഗസ്ഥനായി മണിക്കുട്ടനും, ഇവരേക്കൂടാതെ സിദ്ധിഖ്, മുരളീഗോപി, ആശാ ശരത്, സായ് കുമാർ, സുധീർ കരമന, ദിനേഷ് പണിക്കർ, സുനിൽ സുഖദ തുടങ്ങിയവരും വേഷമിട്ടു.
♪♬ Music, Original Scores
■സംഗീതം എബി.ടോം സിറിയക്. അനാർക്കലി, എന്ന് നിന്റെ മൊയ്തീൻ എന്നിവയുൾപ്പെടെ, കഴിഞ്ഞ വർഷമിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങൾ പൃഥ്വിരാജ് ചിത്രങ്ങളിലേതായിരുന്നെങ്കിൽ, ഒന്നിനും കൊള്ളാത്ത ഒരുപിടി ഗാനങ്ങളാണ് ഈ ചിത്രത്തിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം അനുയോജ്യമായിരുന്നു.
◉Overall view
■പരോക്ഷമായി മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെ പ്രതിപാദിക്കുന്ന, സിനിമക്കുപിന്നിൽ സംഭവിക്കുന്ന ചില സത്യങ്ങൾ ഉൾപ്പെടുത്തപ്പെട്ട ഒരു ശരാശരിച്ചിത്രം. പൃഥ്വിരാജ്, അനൂപ് മേനോൻ, സിദ്ധിഖ്, എന്നിവരുടെ പ്രകടനങ്ങളാണ് ചിത്രത്തിന് മുതൽക്കൂട്ട്.
■അത്യാവശ്യം ദ്വയാർത്ഥപ്രയോഗങ്ങളും, കുറച്ച് കോമഡികളുമടങ്ങിയ, അത്രരസകരമല്ലാത്ത ആദ്യപകുതി, ഇടവേളയാകുമ്പോൾ പ്രതീക്ഷിക്കാത്ത രീതിയിലേക്ക് കഥ വഴിമാറുന്നു. സീരിയസ് മൂഡിൽ മുൻപോട്ട് പോകുന്ന രണ്ടാം പകുതിയും, ഒടുവിൽ predictable ക്ലൈമാക്സും.. രണ്ടാം പകുതിയിലെ മിക്ക രംഗങ്ങളും ക്ലീഷേകൾ നിറഞ്ഞതാണ്.
■വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ദിലീപ് ചിത്രം പരാമർശിക്കുന്ന വിഷയവുമായി സാമ്യമുള്ള മറ്റൊരു വിഷയം, മറ്റൊരു രൂപത്തിൽ.. ക്ലൈമാക്സിൽ ഒരു സർപ്രൈസ് കഥാപാത്രമുണ്ട്, ആ വേഷം അവർ ചോദിച്ചു വാങ്ങിയതുതന്നെയാണെന്നതിൽ തർക്കമില്ല.
■പരാജയത്തിന്റെ രുചിയറിഞ്ഞവന് തീർച്ചയായും വിജയിക്കുവാൻ കഴിയും.. നല്ല തീരുമാനശേഷിയുള്ള നടനായ പൃഥ്വിരാജിനോടൊപ്പം, മാർത്താണ്ഡൻ ഈ ചിത്രത്തിലൂടെ, സംവിധാന മികവ് കൈവരിച്ചിരിക്കുന്നു. പിഞ്ചുകുഞ്ഞെന്ന്, ഈ ചിത്രത്തെ ഒരിക്കലും സംബോധന ചെയ്യേണ്ടതായി വരില്ല.
Rating:
2.75/★★★★★