, വിദേശത്തു പഠിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ...
വിദേശത്തു പഠിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ...


വിദേശത്തു പഠിക്കാൻ പോകുമ്പോൾ ആശങ്കയുണ്ടോ, അത്തരം മുൻവിധികൾ വേണ്ടെന്നു ധൈര്യം പകരുന്ന അനുഭവക്കുറിപ്പിതാ... വിദേശ സർവകലാശാലയിൽ പ്രവേശനം നേടി പോകുമ്പോൾ ഏതു വിദ്യാർഥിയുടെയും മനസ്സിൽ ആശങ്കയുണ്ടാകും. അപരിചിത സാഹചര്യങ്ങൾ തന്നെ കാരണം. എന്നാൽ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഗ്രിഫിത് സർവകലാശാലയുടെ നയ്തൻ ക്യാംപസ് വരവേറ്റത് ഉൽസവക്കാഴ്ചകളിലേക്കാണ്.



വിദേശ സർവകലാശാലകളിൽ പതിവായ ‘ഒ വീക്ക്’ എന്ന ‘ഓറിയന്റേഷൻ വീക്കി’ന്റെ ആരവങ്ങൾ. പുതിയ വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരുകതന്നെയാണു ലക്ഷ്യം‍.

ക്യാംപസ് കവാടത്തിൽത്തന്നെ ഒ–വീക്ക് സന്ദേശങ്ങളുമായി കൂറ്റൻ പരസ്യഫലകങ്ങൾ. പ്രധാന ക്യാംപസിന്റെ നീണ്ട നടവഴികളുടെ രണ്ടു ഭാഗത്തും സൗഹൃദ സന്ദേശങ്ങളുമായി വിവിധ ബൂത്തുകൾ. ഓരോ വിദ്യാർഥിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ക്യാംപസിന് അകത്തും പുറത്തും വിദ്യാർഥികൾക്ക് ആവശ്യമായ വസ്തുക്കൾ, സേവനങ്ങൾ, കലാ– കായിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം പരിചയപ്പെടുത്തുന്ന സംഘങ്ങൾ. ബാങ്കുകൾ നിമിഷങ്ങൾക്കകം പുതിയ വിദ്യാർഥികളെ ചേർത്ത് അക്കൗണ്ട് നൽകുന്നു.
 ബസ്, ട്രെയിൻ സർവീസിനുള്ള കാർഡുകൾ ഇഷ്യു ചെയ്യുന്നു. സ്പോർട്സ് ക്ലബ്ബുകൾ അംഗങ്ങളെ സ്വീകരിക്കുന്നു. സയൻസ് ഗ്രൂപ്പുകളും സാംസ്കാരിക സംഘടനകളും അവരുടെ പ്രവർത്തന മേഖല വിശദീകരിക്കുന്നു. ഡിബേറ്റ് ക്ലബ്ബുകൾ പുതിയ വിദ്യാർഥികളെ ഉൾപ്പെടുത്തി ചർച്ചകൾ നടത്തുന്നു. ചർച്ചയുടെ രീതിയും ഇടപെടലിന്റെ രീതിശാസ്ത്രവും പരിചയപ്പെടുത്താനും ശ്രദ്ധിക്കുന്നു‍. ഓരോ രാജ്യത്തെയും പ്രതിനിധീകരിക്കുന്ന സ്റ്റുഡന്റ്സ് മൂവ്മെന്റുകളുണ്ട്, ലൈവ് മ്യൂസിക്കും, ഭക്ഷണങ്ങളുടെ പരിചയപ്പെടുത്തലുമുണ്ട്. വിദ്യാർഥികൾക്കു പേന, പെൻസിൽ, മറ്റു പഠനസാമഗ്രികൾ, ഭക്ഷണസാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നവരുമുണ്ട്. വേറിട്ട അനുഭവം, എല്ലാ അർഥത്തിലും. (19–ാം നൂറ്റാണ്ടിൽ മലബാറിൽനിന്നു ഫിജിയിലേക്കു നിർബന്ധിത കുടിയേറ്റത്തിനു വിധേയരായവരെക്കുറിച്ചായിരുന്നു ഗ്രിഫിത്തിൽ അബ്ബാസിന്റെ ഗവേഷണം) ക്യാംപസിൽ പുതുമുഖങ്ങളെ വരവേൽക്കാൻ ഓറിയന്റേഷൻ വീക്ക് എന്ന ആശയം യുഎസ്, കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങി വിവിധ രാജ്യങ്ങളിലുണ്ട്. WOW (വീക്ക് ഓഫ് വെൽകം), ഫ്രഷേഴ്സ് വീക്ക് എന്നിങ്ങനെ പേരിൽ മാറ്റമുണ്ടെന്നു മാത്രം. ആഘോഷങ്ങൾ അതിരുവിടാതിരിക്കാനുള്ള മാർഗനിർദേശങ്ങളും ഇപ്പോൾ മിക്കയിടത്തുമുണ്ട്.

Drop your opinion here !