, ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.ദളിത് വിദ്യാര്‍ഥിയായിരുന്ന  രോഹിത് വെമുലയുടെ ഹൈദരാബാദ് സര്‍വ്വകലാശാലയിലാണ്‌  പഠിചിരുന്നത്. 17.1.2016 ഏഴരയോടെയാണ് സമരപന്തലില്‍ നിന്നും പുതിയ ഗവേഷക വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലേക്ക്  രോഹിത് പോയത് . സഹപാഠിയുടെ   മുറിയിലാണ്   എഎസ്എ ബാനര്‍ ഉപയോഗിച്ച് രോഹിത് തൂങ്ങി മരിച്ചത്.ഇപ്പോൾ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. 



ആത്മഹത്യാകുറിപ്പിന്റെ പൂര്‍ണ്ണരൂപം,
ഗുഡ്‌മോണിംഗ്,
ഈ കത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടാകില്ല. എന്നോട് ദേഷ്യം തോന്നരുത്. നിങ്ങളില്‍ പലരും സ്‌നേഹത്തോടെയും കരുതലോടെയുമാണ് എന്നോട് പെരുമാറിയിട്ടുള്ളത്. എനിക്ക് ആരോടും പരാതിയില്ല. എല്ലാഴ്‌പ്പോഴും പ്രശ്‌നം എന്റേതുമാത്രമായിരുന്നു. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അകലം കൂടി വരുന്നത് പോലെ എനിക്ക് തോന്നുന്നു. അങ്ങനെ ഞാനൊരു ഭീകരസ്വത്വമായും മാറുന്നു. എനിക്ക് ഒരു എഴുത്തുകാരന്‍ ആവാനായിരുന്നു ആഗ്രഹം. കാള്‍ സാഗനെപോലെ ശാസ്ത്രത്തെക്കുറിച്ച് എഴുതാനായിരുന്നു ഞാന്‍ സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ ഈ ആത്മഹത്യാകുറിപ്പ് മാത്രമാണ് എനിക്ക് എഴുതാനായത്.
ശാസ്ത്രത്തെയും നക്ഷത്രങ്ങളെയും പ്രകൃതിയേയും ഞാന്‍ സ്‌നേഹിച്ചു. പ്രകൃതിയില്‍ നിന്നും വളരെ മുമ്പ് അകന്നുപോയ മനുഷ്യരേയും സ്‌നേഹിച്ചു. നമ്മുടെ ചിന്തകളും വികാരങ്ങളും നിമിഷ സൂചികളായിരിക്കുന്നു. നമുക്കിടയിലുള്ള സ്‌നേഹം പോലും കൃത്രിമമാണ്. നമ്മുടെ വിശ്വാസങ്ങള്‍ക്ക് നിറം കൂടി വരുന്നു. വേദനിക്കാതെ സ്‌നേഹിക്കുക എന്നത് അസാധ്യമായി മാറുന്നു.
ഓരോ മനുഷ്യരുടേയും മൂല്യം അവനെക്കൊണ്ട് എന്ത് ഉപയോഗമുണ്ട് എന്നതിലേക്ക് ചുരുങ്ങുന്നു. ഉള്ളിലെ മഹത്വം കൊണ്ട് ആരെയും വിലയിരുത്തുന്നില്ല. പഠനത്തിലും തെരുവിലും രാഷ്ട്രീയത്തിലും മരണത്തിലും ജീവിതത്തിലുമെല്ലാം ഈയൊരു രീതി പരന്നുകിടക്കുകയാണ്.
ഞാന്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കത്തെഴുതുന്നത്. ആദ്യത്തെ ഈ കത്ത് തന്നെ അവസാനത്തേതും.
ഞാന്‍ പറയുന്നതിന് അര്‍ത്ഥം ഇല്ലെങ്കില്‍ ക്ഷമിക്കുക.
ലോകത്തെ മനസിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കാം. സ്‌നേഹം, വേദന, ജീവിതം, മരണം എല്ലാം തെറ്റായി മനസിലാക്കിയതാകാം. ആവശ്യമില്ലാത്ത തിടുക്കം ജീവിതത്തില്‍ എനിക്കുണ്ടായിരുന്നു. ജീവിതം ആരംഭിക്കാന്‍ വേണ്ടിയായിരുന്നു ആ തിടുക്കം. ചിലര്‍ക്ക് ജീവിതം തന്നെയാണ് ശാപം. എന്റെ ജനനം തന്നെ വിനാശകരമായ ഒരു അബദ്ധമായിരുന്നു. ബാല്യത്തില്‍ അനുഭവിച്ച ഏകാന്തതയില്‍ നിന്നും ഒരിക്കലും എനിക്ക് മോചനം ലഭിച്ചില്ല. പ്രോത്സാഹനം അന്യമായിരുന്ന ഒരു ബാല്യം എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു.
ഞാന്‍ ഇപ്പോള്‍ വേദനിക്കുന്നില്ല, വിഷമമില്ല. ആകെയുള്ളത് വെറും ശൂന്യത മാത്രം. എന്നെക്കുറിച്ച് യാതൊരു ആകുലതകളുമില്ല. സ്വയംബോധ്യമില്ലാത്തത് പരിതാപകരമാണെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഈ തീരുമാനമെടുത്തതും. മറ്റുള്ളവര്‍ എന്നെ വിഡ്ഢിയെന്ന് വിളിക്കുമായിരിക്കും. മരണശേഷം സ്വാര്‍ഥനെന്നും മണ്ടനെന്നുമുള്ള വിളികള്‍ ഉയര്‍ന്നേക്കാം. എന്നാല്‍ അതിനെക്കുറിച്ച് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നുപോലുമില്ല. മരണാനന്തരജീവിതത്തില്‍ എനിക്ക് വിശ്വാസമില്ല. പ്രേതങ്ങളും ആത്മാക്കളും കെട്ടുകഥയാണെന്ന് കരുതുന്നു. ഇനി അങ്ങനെ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ മരണാനന്തരം നക്ഷത്രങ്ങളിലേക്കും മറ്റു ലോകങ്ങളിലേക്കും ഞാന്‍ സഞ്ചരിക്കും.
ഈ കത്ത് വായിക്കുന്നവര്‍ സാധിക്കുമെങ്കില്‍ എനിക്ക് ഒരു സഹായം ചെയ്യണം. സര്‍വ്വകലാശാലയില്‍ നിന്നും ഏഴ് മാസത്തെ ഗവേഷണ ഫെല്ലോഷിപ്പ് എനിക്ക് ലഭിക്കാനുണ്ട്. ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയോളം വരുമത്. എന്റെ കുടുംബത്തിന് ഈ തുക നല്‍കണം. പിന്നെ രാംജിക്ക് നാല്‍പ്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും ആ പണം തിരികെ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ എനിക്കുവേണ്ടി നിങ്ങള്‍ ആ കടം വീട്ടണം. വളരെ ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം എന്റെ ശവസംസ്‌കാരം നടത്തേണ്ടത്. ഞാന്‍ ഒരുവേള ഇവിടെ വന്ന് പോയതുപോലെ മാത്രമേ നിങ്ങള്‍ കരുതാവു. എനിക്കുവേണ്ടി ആരും കണ്ണീരൊഴുക്കരുത്. ജീവിക്കുന്നതിനേക്കാള്‍ സന്തോഷം മരണമായതു കൊണ്ടാണ് ഞാന്‍ പോകുന്നത്.
ഉമ അണ്ണാ, ഇങ്ങനെയൊരു കാര്യത്തിന് നിങ്ങളുടെ മുറി ഉപയോഗിക്കുന്നതിന് ക്ഷമിക്കുക. നിരാശപ്പെടുത്തിയതിന് എഎസ്എയിലെ സുഹൃത്തുക്കള്‍ എന്നോട് ക്ഷമിക്കുക. നിങ്ങള്‍ എന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു. നിങ്ങളോരോരുത്തര്‍ക്കും നല്ലതുമാത്രം ആശംസിക്കുന്നു.
അവസാനമായി ഒരിക്കല്‍കൂടി
ജയ് ഭീം
ആത്മഹത്യാകുറിപ്പിലെ മര്യാദകള്‍ ഞാന്‍ മറന്നു, എന്റെ ആത്മഹത്യയില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. ആരും വാക്കുകള്‍ കൊണ്ടോ പ്രവൃത്തികൊണ്ടോ എന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചിട്ടില്ല. ഇത് എന്റെ മാത്രം തീരുമാനമാണ്. എനിക്ക് മാത്രമാണ് ഈ പ്രവൃത്തിയുടെ ഉത്തരവാദിത്വം. എന്റെ സുഹൃത്തുക്കളേയോ ശത്രുക്കളേയോ ഇതിന്റെപേരില്‍ ക്രൂഷിക്കരുത്.
രോഹിത് വെമൂല

Drop your opinion here !