പ്രശസ്ത ചലച്ചിത്ര നടി കല്‍പ്പന അന്തരിച്ചു. 51 വയസായിരുന്നു.
അതീവഗുരുതരാവസ്ഥയില്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു അവാര്‍ഡ് നിശയുമായി ബന്ധപ്പെട്ടാണ് കല്‍പ്പന ഹൈദരാബാദിലെത്തിയത്. രാവിലെ ഹോട്ടല്‍ മുറിയിലെത്തിയ റൂംബോയ് ആണ് കല്‍പ്പനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മൃതദേഹം വൈകിട്ടോടെ കേരളത്തിലെത്തിക്കും.
നാടകപ്രവര്‍ത്തകരായ ചവറ വിപി നായരുടെയും കൊച്ചുവീട്ടില്‍ വിജയലക്ഷ്മിയുടെയും മകളാണ്. നടിമാരായ കലാരഞ്ജിനിയും ഉര്‍വ്വശിയും സഹോദരിമാരാണ്. 1965 ഒക്ടോബര്‍ അഞ്ചിനാണ് കല്‍പ്പനയുടെ ജനനം. ഹാസ്യ വേഷങ്ങളിലൂടെയാണ് കല്‍പ്പന ശ്രദ്ധേയയായത്. മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. മലയാള ചലച്ചിത്രലോകത്തെ ഹാസ്യ രാജ്ഞി എന്നാണ് കല്‍പ്പനയെ വിശേഷിപ്പിക്കുന്നത്.
മലയാളം, തെലുങ്ക് , കന്നട ഭാഷകളിലായി 300ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളിയാണ് അവസാനം റിലീസ് ചെയ്ത ചിത്രം. ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ഇന്നത്തെ പ്രോഗ്രാം, ഒരുക്കം, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമന വീടും അഞ്ഞൂറേക്കറും, കുടുംബ കോടതി, പൈ ബ്രദേഴ്‌സ്, കുടുംബ വാര്‍ത്തകള്‍, മലയാള മാസം ചിങ്ങം ഒന്ന്, ത്രീമെന്‍ ആര്‍മി, മിഴി രണ്ടിലും താളമേളം, വിസ്മയത്തുമ്പത്ത്, മേല്‍വിലാസം ശരിയാണ്, അത്ഭുതദ്വീപ്, മാമ്പഴക്കാലം, ട്വിന്റി20, അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍, ഇന്ത്യന്‍ റുപ്പി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
സംവിധായകന്‍ അനിലിനെ വിവാഹം ചെയ്‌തെങ്കിലും പതിനഞ്ച് വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ശ്രീമയാണ് മകള്‍.