തിരുവനന്തപുരം: പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യമന്ത്രാലയത്തില്‍ ലയിപ്പിച്ച നടപടിയില്‍ കേരളത്തിന്റെ വിയോജിപ്പ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പുതിയ തീരുമാനത്തോടെ പ്രവാസികള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടികാഴ്ച്ചയില്‍ ആവശ്യപ്പെടുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ മുക്കിക്കളയുന്ന
തീരുമാനത്തിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയനും രംഗത്ത് വന്നിരുന്നു. പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കാനുള്ള തീരുമാനം പ്രവാസികളുടെ സുപ്രധാന പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടാന്‍ വഴിവെക്കുമെന്ന് പിണറായി കുറ്റപ്പെടുത്തി .കേന്ദ്രസര്‍ക്കാറിന്റെ പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കാനുള്ള തീരുമാനം പ്രവാസി സമൂഹത്തിന്റെ സുപ്രധാന പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടാനാൻ വഴിവെക്കുമെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കി.
ഗള്‍ഫില്‍ ജോലിയെടുക്കുന്നവര്‍ 2011 ല്‍ 49,695 കോടിയാണ് ഈ രാജ്യത്തേക്കയച്ചത്. ഗള്‍ഫ് നിക്ഷേപം ചിതറിപ്പോകാതിരിക്കാനും തിരികെവരുന്ന ഗള്‍ഫ് ജോലിക്കാരെ പുനരധിവസിപ്പിക്കാനും സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും പിണറായി പറയുന്നു. പ്രവാസികളുടെ സമ്പാദ്യമായ വിദേശനാണ്യം നമ്മുടെ ഇന്ത്യയുടെ നിലനില്പ്പിനു തന്നെ കാരണമാകുമ്പോള്‍ അവര്‍ക്ക് വേണ്ടി ഉണ്ടായിരുന്ന പ്രത്യേക മന്ത്രാലയം പോലും ഇല്ലാതാക്കുന്നത് തെറ്റായ ഇടപെടൽ . കേന്ദ്രം ആ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും പിണറായികുറിച്ചു.