, പുതിയ നിയമത്തെ ആരാധകർ വരവേറ്റു ...
പുതിയ നിയമത്തെ ആരാധകർ വരവേറ്റു ...

■വജ്രം പോലെ മൂർച്ചയുള്ള തൂലികയുടെ ഉടമയാണ്‌ എ.കെ.സാജൻ. സംവിധാനമേഖലയിൽ പൂർണ്ണനല്ലെങ്കിലും, കാലത്തെ അതിജീവിക്കുന്ന അഭിനയമുഹൂർത്തങ്ങൾ നമുക്കായി കാഴ്ചവച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ഈ ചിത്രം, ഏറെ പ്രതീക്ഷാജനകമായിരുന്നു.
■"വിജയിച്ച ഭർത്താക്കന്മാർക്ക്‌ മാത്രമുള്ളതല്ല ഈ ഭൂമി. തോറ്റുപോയ ഭർത്താക്കന്മാർക്കും ഇവിടെ ജീവിക്കണം." ഷൂട്ടിംഗിന്റെ തുടക്കം മുതലേ രഹസ്യസ്വഭാവം സൂക്ഷിച്ച 'പുതിയനിയമ'ത്തിന്റെ ട്രൈലറിൽ കേട്ട ഈ വാക്കുകൾ, ചിത്രം കാണുവാനുള്ള എന്റെ ആഗ്രഹത്തെ വർദ്ധിപ്പിച്ചിരുന്നു.
■133.41 minutes ദൈർഘ്യമുള്ള ഈ ചിത്രം, കുടുംബകോടതി വക്കീലായ 'LP' എന്ന ലൂയിസ്‌ പോത്തനും ഭാര്യയും പെൺകുട്ടിയുമടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ്‌. പെട്ടന്നൊരുനാൾ വാസുകിയുടെ പെരുമാറ്റത്തിൽ ഒരു അസ്വാഭാവികത തോന്നുന്നു. ആ ദുരൂഹത വിരൽചൂണ്ടിയത്‌, ക്രൂരമായ ഒരു യാഥാർത്ഥ്യത്തിലേക്കായിരുന്നു.
■കുടുംബത്തോട്‌ ഏറെ സ്നേഹമുള്ള, ലൂയിസ്‌ പോത്തൻ എന്ന വക്കീൽ കഥാപാത്രത്തെ മമ്മൂട്ടി നിഷ്പ്രയാസം അവതരിപ്പിച്ചു. സംഭാഷണങ്ങളിൽ പക്വതയില്ലാത്തവനായ കഥാപാത്രമായും, അതേസമയം ഉത്തരവാദിത്തമുള്ള വക്കീലായും തന്റെ വേഷം നന്നായിട്ടുതന്നെ അദ്ദേഹം കൈകാര്യം ചെയ്തു.
■വാസുകി അയ്യർ എന്ന, ദുരൂഹതനിറഞ്ഞ നായികാകഥാപാത്രത്തെ നയൻതാര അവതരിപ്പിച്ചു. കഥകളി ആർട്ടിസ്റ്റായ വാസുകിയുടെ ശബ്ദത്തിൽ പോലും ദുരൂഹത നിഴലിച്ചിരുന്നു. വളരെ മിതത്വത്തോടുകൂടിയ പ്രകടനത്തിലൂടെ, താൻ വളരെ മികച്ച ഒരു അഭിനേത്രിയാണെന്ന്, വീണ്ടുമൊരിക്കൽക്കൂടി ഈ ചിത്രത്തിലൂടെ നയൻതാര തെളിയിച്ചിരിക്കുകയാണ്‌.
■ലൂയിസ്‌ പോത്തന്റെയും വാസുകിയുടേയും ഒരേയൊരുമകളായ ചിന്ത എന്ന കുട്ടിയെ, ബേബി അനന്യ അവതരിപ്പിക്കുന്നു.
■ലൂയിസ്‌ പോത്തനും, വാസുകിയും താമസിക്കുന്ന ഫ്ലാറ്റിലെ അയൽക്കാരിയായ 'കണി' എന്ന യുവതിയെ അവതരിപ്പിച്ചത്‌ രചന നാരായണൻകുട്ടി. കാന്താരി, തിലോത്തമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനുശേഷം, വിവാഹിതനായ നായകനെ പ്രണയിക്കുന്ന പെൺകുട്ടിയായി, പതിവു തെറ്റിക്കാതെ അസഹനീയമായ പ്രകടനം രചന വീണ്ടും കാഴ്ചവച്ചു.
■എസ്‌.എൻ.സ്വാമി ഈ ചിത്രത്തിൽ, 'സ്വാമി' എന്ന കഥാപാത്രത്തെയും, കോട്ടയം പ്രദീപ്‌, തളത്തിൽ ശ്രീനിവാസൻ എന്ന സംശയരോഗിയായ ഭർത്താവിനേയും അവതരിപ്പിച്ചു.
■രോമാഞ്ച്‌ എന്ന ടെക്കിയായി അഭിനയിക്കുന്നത്‌ അജു വർഗ്ഗീസ്‌. ജീന ഭായ്‌ IPS എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ഷീലു അബ്രഹാം.
🎥ചിത്രത്തിലെ ഫ്രെയിമുകൾ വ്യത്യസ്തമായിരുന്നു. ചിത്രത്തിന്‌ ക്യാമറ ചലിപ്പിപ്പിച്ചത്‌ റോബി വർഗ്ഗീസ്‌ രാജ്‌. പി.വേണുഗോപാൽ, ജിയോ എബ്രഹാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ്‌ നിർവഹിച്ചിരിക്കുന്നത്‌ നാഷണൽ അവാർഡ്‌ ജേതാവായ വിവേക്‌ ഹർഷനാണ്‌. കഥ, തിരക്കഥ, സംഭാഷണം സംവിധാനം എ.കെ.സാജൻ.
♪♬MUSIC & ORIGINAL SCORES
■ഹരിനാരായണന്റെ വരികൾക്ക്‌ ഈണം പകർന്നത്‌ വിനു തോമസ്‌. പശ്ചാത്തലസംഗീതം: ഗോപി സുന്ദർ. ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങൾ (പദങ്ങൾ) ഉൾക്കൊള്ളിച്ച ടൈറ്റിൽ ഗാനം ഗംഭീരമായിരുന്നു. മൊത്തത്തിലുള്ള പശ്ചാത്തലസംഗീതം വളരെ മികച്ചതായിരുന്നെങ്കിലും, നായകനെ കാണിക്കുമ്പോൾ കേൾപ്പിക്കുന്ന Scores സാഹചര്യത്തിന്‌ ചേരാത്തതായിരുന്നു. എന്നിരുന്നാലും, ചിത്രത്തിന്റെ സസ്പെൻസ്‌ നിലനിറുത്തുന്നതിൽ, പശ്ചാത്തലസംഗീതം വലിയ പങ്കുവഹിച്ചു.
»Overall view
■നായകന്റെ ചിത്രം എന്നതിലുപരി, നായികാപ്രാധാന്യമുള്ള ചിത്രം. കേട്ടുപഴകാത്ത കഥ, ചിന്തിക്കാത്ത രീതിയിലേക്ക്‌ വഴിമാറുന്നു. ഏച്ചുകെട്ടലോ വലിച്ചുനീട്ടലോ അനുഭവപ്പെടാത്ത രീതിയിലുള്ള തിരക്കഥ. ഒരുനിമിഷം പോലും ബോറടിക്കാത്തരീതിയിലുള്ള മേക്കിംഗ്‌. ചിന്താമണി കൊലക്കേസിലെ നായകൻ LK (അഡ്വ.ലാൽ കൃഷ്ണ വീരാഡിയാർ) എങ്കിൽ, ഈ ചിത്രത്തിൽ നായകൻ LP. (അഡ്വ.ലൂയിസ്‌) പോത്തൻ. ചില സാമ്യങ്ങൾ രണ്ട്‌ ചിത്രങ്ങളും തമ്മിലുണ്ട്‌.
■തുടക്കം മുതൽ സസ്പെൻസ്‌ നിലനിറുത്തിയെങ്കിലും, ഇടക്കിടെ കുത്തിത്തിരുകപ്പെട്ട ചില വികലമായ നർമ്മരംഗങ്ങളടങ്ങിയ ആദ്യപകുതിയുടെ ഒടുവിൽ ഞെട്ടിപ്പിക്കുന്ന ഇടവേള. ശേഷം, മനസാക്ഷി മരവിച്ചുപോകുന്ന രംഗങ്ങളടങ്ങിയ രണ്ടാം പകുതി. ഒടുവിൽ സംതൃപ്തികരമായ ക്ലൈമാക്സും.
■ട്രൈലറിൽ കേട്ട ചില ഡയലോഗുകൾ സ്ത്രീവിരുദ്ധത നിഴലിച്ചതായിരുന്നെങ്കിലും, സ്ത്രീയുടെ അവകാശങ്ങൾക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരുന്നു ഈ ചിത്രം. ക്രൂരതക്ക്‌ ഇരയായവരുടെ (സ്ത്രീകളുടെ) നിശബ്ദത മുതലെടുക്കുന്ന കുറ്റവാളികൾ വളർന്നുവരുന്ന ഈ സമൂഹത്തിൽ,-അത്തരം അനീതിക്കെതിരെയുള്ള-ഒരു മറുമരുന്നാണ്‌ ഈ ചിത്രം.
■മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഭരണഘടനയുടെ നിയമങ്ങളും തത്വങ്ങളും ശിക്ഷാരീതികളും വെറും നോക്കുകുത്തിയായിത്തീരുമ്പോൾ, അവിടെ പുതിയൊരു നിയമം സൃഷ്ടിക്കപ്പെടുന്നു.
■ഫാമിലി ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ഈ ചിത്രം ഒരു വിജയമായിത്തീരട്ടെ. 'പുതിയനിയമം' എനിക്കുതന്ന സംതൃപ്തിയുടെ അടിസ്ഥാനത്തിൽ, ചിത്രത്തിന്‌ ഞാൻ കൊടുക്കുന്ന റേറ്റിംഗ്‌ അഞ്ചിൽ മൂന്നാണ്‌.

Drop your opinion here !